
Web Desk
കണ്ണൂരില്‍ നടക്കുന്ന സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് നടക്കുന്ന സെമിനാറില്‍ പങ്കെടുക്കുമെന്നുറപ്പിച്ച് കെ.വി. തോമസ്. സെമിനാര്‍ ദേശീയ പ്രാധാന്യമുള്ളതാണെന്ന് കെ.വി. തോമസ് പറഞ്ഞു. ”സെമിനാറില്‍ പങ്കെടുക്കുന്ന കാര്യം മുമ്പുതന്നെ സോണിയ ഗാന്ധിയേയും താരിഖ് അന്‍വറിനേയും അറിയിച്ചിരുന്നു. കേരളത്തിന് പുറത്ത് സി.പി.ഐ.എമ്മുമായി കൈകോര്‍ത്താണ് കോണ്‍ഗ്രസ് പോകുന്നത്.
മാര്‍ച്ചില്‍ യെച്ചൂരിയുമായി സംസാരിച്ചു. സെമിനാര്‍ ദേശീയ പ്രാധാന്യമുള്ളതാണ്, അതുകൊണ്ടാണ് പങ്കെടുക്കാന്‍ അനുമതി തേടിയത്. സമീപകാല തെരഞ്ഞെടുപ്പുകളൊന്നും കോണ്‍ഗ്രസിന് അനുകൂലമല്ല. രാഹുല്‍ ഗാന്ധിയടക്കം സി.പി.ഐ.എം യോഗങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. സെമിനാറില്‍ പങ്കെടുക്കുന്നതുകൊണ്ട് എന്താണിത്ര വിരോധം. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നത് ശരിയാണോ, കോണ്‍ഗ്രസില്‍ അച്ചടക്കത്തോടെ നിന്നയാളാണ് ഞാന്‍. നൂലില്‍ കെട്ടി വന്നയാളൊന്നുമല്ല, ഞാന്‍ പാര്‍ട്ടിയില്‍ പൊട്ടിമുളച്ചയാളല്ല. ജന്മം കൊണ്ട് കോണ്‍ഗ്രസുകാരനാണ്, ഞാന്‍ കോണ്‍ഗ്രസിന് എന്ത് സംഭാവന ചെയ്തുവെന്നാണ് ചോദിക്കുന്നത്. അത് അറിയണമെങ്കില്‍ ചരിത്രം പരിശോധിക്കണം,” അദ്ദേഹം പറഞ്ഞു.
സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്താല്‍ കെ.വി. തോമസ് കോണ്‍ഗ്രസിന് പുറത്തേക്ക് പോകേണ്ടിവരുമെന്നാണ് കെ. സുധാകരന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. വിലക്ക് ലംഘിച്ച് കെ.വി. തോമസ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കിന്നില്ലെന്നാണ് കരുതുന്നതെന്ന് സുധാകരന്‍ പറഞ്ഞു.