
Web Desk
കുറ്റിക്കാട്ടൂര്‍ മുസ്ലിം യതീംഖാനയുടെ കോടികളുടെ വിലമതിക്കുന്ന വഖ്ഫ് സ്വത്തുക്കള്‍ വില്‍പ്പന നടത്തിയത് ബോര്‍ഡ് റദ്ദാക്കി. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും വഖ്ഫ് ബോര്‍ഡ് അംഗവുമായ എം സി മായിന്‍ ഹാജിയുടെ ഭാര്യാ സഹോദരന് എ ടി ബശീര്‍ പ്രസിഡന്റായ കമ്മിറ്റിക്ക് വില്‍പ്പന നടത്തിയതാണ് റദ്ദാക്കിയത്. രണ്ടേകാല്‍ ഏക്കര്‍ സ്ഥലവും സ്ഥാപനങ്ങളും വില്‍പ്പന നടത്തിയത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വഖ്ഫ് ബോര്‍ഡ് നടപടി. ബുധനാഴ്ച്ച കൊച്ചി വഖ്ഫ് ബോര്‍ഡ് ഓഫീസില്‍ ചേര്‍ന്ന യോഗത്തിന്റേതാണ് സുപ്രധാന തീരുമാനം.
യതീംഖാനയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും ഉടമസ്ഥത കുറ്റിക്കാട്ടൂര്‍ മുസ്ലിം ജമാഅത്ത് കമ്മിറ്റിക്കാണെന്ന് ബോര്‍ഡ് വ്യക്തമാക്കി. 1987ലാണ് കുറ്റിക്കാട്ടൂര്‍ മുസ്ലിം ജമാഅത്തിന് കീഴില്‍ മുസ്ലിം യതീംഖാന തുടങ്ങിയത്. വഖ്ഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. 99ല്‍ രഹസ്യമായുണ്ടാക്കിയ കമ്മിറ്റിക്ക് രണ്ട് ഏക്കര്‍ പത്ത് സെന്റ് ഭൂമിയും സ്ഥാപനങ്ങളും വില്‍പ്പന നടത്തിയെന്നായിരുന്നു പരാതി. ഭൂമിയുടെയും സ്ഥാപനങ്ങളുടെയും കൈമാറ്റം വഖ്ഫിന്റെ കൈമാറ്റമാണെന്നും ബോര്‍ഡിന്റെ അനുമതിയില്ലാതെയാണ് ഇത് നടത്തിയിരിക്കുന്നതെന്നുമായിരുന്നു കുറ്റിക്കാട്ടൂര്‍ മുസ്ലിം ജമാഅത്ത് കമ്മിറ്റി ചൂണ്ടിക്കാട്ടിയത്.