മുഹമ്മദലിയുടെ ഇരട്ടക്കൊലപാതക വെളിപ്പെടുത്തൽ : പഴയ രേഖകൾ തേടി പൊലീസ്

കോഴിക്കോട് ∙ മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദലിയുടെ ഇരട്ടക്കൊലപാതക വെളിപ്പെടുത്തലിൽ നിർണായക വിവരങ്ങൾ തേടി തിരുവമ്പാടി, നടക്കാവ് പൊലീസ് അന്വേഷണ സംഘങ്ങൾ. അക്കാലത്തെ പൊലീസ് ഉദ്യോഗസ്ഥരെയും റവന്യു അധികാരികളേയും കണ്ടെത്തി വിവരങ്ങൾ ശേഖരിക്കാനാണു ശ്രമം. മൊഴിയിൽ സൂചിപ്പിച്ച കോഴിക്കോട് വെള്ളയിൽ ബീച്ചിലെ മരണം സംശയാസ്പദ സാഹചര്യത്തിൽ റജിസ്റ്റർ ചെയ്തതായി നടക്കാവ് പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. മരിച്ച ആളുടെ കൂടുതൽ ഇൻക്വസ്റ്റ് വിവരങ്ങൾ ശേഖരിക്കുന്നതിനു നടക്കാവ് പൊലീസ് ഇന്ന് ആർഡിഒ ഓഫിസുമായി ബന്ധപ്പെടും.

1986ൽ കൂടരഞ്ഞിയിൽ ഒരാളെ കൊലപ്പെടുത്തിയെന്ന കേസിൽ അന്നത്തെ തിരുവമ്പാടി പൊലീസ് ഇൻസ്പെക്ടർ ഒ.പി.തോമസിനെ തേടി തിരുവമ്പാടി പൊലീസ് സംഘം ഇന്ന് എറണാകുളത്തേക്കു പോകും. ഈ കൊലപാതകത്തിൽ അന്നത്തെ ഫൊറൻസിക് പരിശോധന റിപ്പോർട്ട് ലഭിക്കാൻ അപേക്ഷ നൽകിയിട്ടുണ്ട്.89ൽ വെള്ളയിൽ ബീച്ചിൽ യുവാവിനെ മറ്റൊരാളുമായി ചേർന്നു കൊലപ്പെടുത്തിയെന്ന ഏറ്റുപറച്ചിലുമായി ബന്ധപ്പെട്ടു 36 വർഷം മുൻപത്തെ റെക്കാർഡ് തേടിയാണ് നടക്കാവ് പൊലീസ് അന്വേഷണം നടത്തുന്നത്.

സംശയാസ്പദ സാഹചര്യത്തിൽ മരണം പൊലീസ് റജിസ്റ്റർ ചെയ്തതിൽ മൃതദേഹത്തോടൊപ്പം ലഭിച്ച വസ്ത്രം, പരിസരത്തു നിന്നു ലഭിച്ച മണൽ സാംപിൾ, മറ്റു തെളിവുകൾ എന്നിവ എക്സിക്യൂട്ടീവ് മജിസ്ട്രേട്ട് മുൻപാകെ ഹാജരാക്കിയിട്ടുണ്ടാകാം എന്നാണു പൊലീസ് പറയുന്നത്. മാത്രമല്ല രക്തക്കറ ഫൊറൻസിക് പരിശോധനയ്ക്കും അയച്ചിരിക്കും. ഈ സാഹചര്യത്തിൽ തെളിവുകൾ ശേഖരിക്കാൻ കഴിയുമെന്നാണു പ്രതീക്ഷ. രണ്ടു കേസുകളിലും ആവശ്യമായ തെളിവുകൾ ലഭിച്ചില്ലെന്നു കാണിച്ചു എഫ്എഡി (ഫർദർ ആക്‌ഷൻ ഡ്രോപ്ഡ്) റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെങ്കിൽ ഈ റിപ്പോർട്ടും ലഭിക്കാൻ ശ്രമം നടത്തുന്നുണ്ട്.നടക്കാവ് കേസിൽ നിലവിൽ പൊലീസ് പുതിയ എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടില്ല. കൊലപാതകത്തിനു കൂട്ടുനിന്ന കഞ്ചാവ് ബാബുവിനെപ്പറ്റി അന്വേഷിച്ചെങ്കിലും വിവരം ലഭിച്ചില്ല. എന്നാൽ മറ്റൊരാളെക്കുറിച്ചു സൂചന ലഭിച്ചിട്ടുണ്ട്. ഇയാൾക്കായും അന്വേഷണം നടക്കുന്നുണ്ട്.

error: Content is protected !!