വയനാട് ചുരത്തിൽ കാർ തടഞ്ഞ് 68 ലക്ഷം കവർന്ന സംഘത്തിലെ 2 പേർ അറസ്റ്റിൽ

താമരശ്ശേരി∙ വയനാട് ചുരത്തിൽ മഹാരാഷ്ട്ര സ്വദേശിയുടെ കാർ തടഞ്ഞു നിർത്തി 68 ലക്ഷം രൂപ കവർച്ച ചെയ്ത സംഘത്തിലെ 2 പേർ അറസ്റ്റിൽ. എറണാകുളം കുഞ്ഞിക്കൈ കളത്തിൽ തൊമ്മൻ എന്ന തോമസ് (40), തൃശൂർ കൊടുങ്ങല്ലൂർ പുല്ലൂറ്റ് അലങ്കാരത്തുപറമ്പിൽ ഷാമോൻ (23) എന്നിവരെയാണ് ഇന്നലെ പുലർച്ചെ ഇടപ്പള്ളി, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിൽ നിന്ന് കോഴിക്കോട് റൂറൽ എസ്പി അരവിന്ദ് സുകുമാറിന്റെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 13 ന് രാവിലെ 8 മണിയോടെയാണു ചുരം ഒൻപതാം വളവിനും എട്ടാം വളവിനും ഇടയിൽ കവർച്ച നടന്നത്. സ്വർണം വാങ്ങാൻ മൈസുരുവിൽ നിന്നു കൊടുവള്ളിയിലേക്കു കാറിൽ വരികയായിരുന്ന മഹാരാഷ്ട്ര സ്വദേശി വിശാൽ ഭഗത് മട്‌കരിയുടെ (27) പണമാണ് രണ്ടു കാറുകളിലായി വന്ന സംഘം കവർന്നത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണു പൊലീസ് മണിക്കൂറുകൾക്കുള്ളിൽ രണ്ടു പ്രതികളെ അറസ്റ്റ് ചെയ്തത്. കൂട്ടുപ്രതികളെക്കുറിച്ചും വിവരം ലഭിച്ചിട്ടുണ്ട്.

തൃശൂർ കേന്ദ്രീകരിച്ചുള്ള കുഴൽപ്പണക്കവർച്ചാ സംഘത്തിൽ പെട്ടവരാണു പിടിയിലായ പ്രതികൾ. ഷാമോൻ കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ റൗഡി ലിസ്റ്റിൽ പെട്ടയാളാണ്. കവർച്ചയ്ക്ക്‌ ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.

താമരശ്ശേരി ഡിവൈഎസ്പി ഇൻ ചാർജ് പി.പ്രമോദിന്റെ നേതൃത്വത്തിൽ താമരശ്ശേരി ഇൻസ്‌പെക്ടർ എ.സായൂജ്കുമാർ, എസ്ഐ കെ.എസ്.ജിതേഷ്, സ്പെഷൽ സ്‌ക്വാഡ് എസ്ഐ മാരായ രാജീവ്‌ ബാബു, ബിജു പൂക്കോട്ട്, എഎസ്ഐ വി.അഷ്‌റഫ്‌, സീനിയർ സിപിഒമാരായ ജയരാജൻ പനങ്ങാട്, ജിനീഷ് ബാലുശ്ശേരി, സിപിഒ എം.മുജീബ്, കെ.ജിതിൻ എന്നിവരടങ്ങിയ സംഘമാണു പ്രതികളെ പിടി കൂടിയത്.

error: Content is protected !!