
newsdesk
കുന്നമംഗലം ∙ വീട്ടിൽ അനധികൃതമായി സൂക്ഷിച്ച കരിമരുന്നും ഗന്ധകവും പനയോല പടക്കവും കുന്നമംഗലം പൊലീസ് പിടിച്ചെടുത്തു. പിലാശ്ശേരി നൂഞ്ഞിക്കര ബാലന്റെ വീട്ടിൽ നിന്നാണ് കുന്നമംഗലം എസ്ഐ സി.സനിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് 1.3 കിലോഗ്രാം കരിമരുന്ന്, 3.1 കിലോ പനയോല പടക്കം, 3.1 കിലോ ഗന്ധകം, 400 ഗ്രാം ചാക്കു നൂൽ എന്നിവ പിടികൂടിയത്.
ജനവാസ മേഖലയിൽ ലൈസൻസ് ഇല്ലാതെ പടക്ക നിർമാണവും വിൽപനയും നടക്കുന്നതായും സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചതായും രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്. കേസെടുത്ത പൊലീസ് വീട്ടുടമയ്ക്കു വേണ്ടി തിരച്ചിൽ ആരംഭിച്ചു. ഗ്രേഡ് എസ്ഐമാരായ സന്തോഷ് കുമാർ, കെ.ജയശ്രീ, സിവിൽ പൊലീസ് ഓഫിസർ ഷാജഹാൻ എന്നിവർ പരിശോധനയ്ക്കു നേതൃത്വം നൽകി