സ്ഥലപരിമിതിയിൽ ഞെങ്ങി ഞെരുങ്ങി കോഴിക്കോട് ഗവൺമെൻറ് മെഡിക്കൽ കോളജ് ; വേദന കടിച്ചമർത്തി രോഗികളും കാത്തിരിപ്പുക്കാരും

കോഴിക്കോട് ∙ സ്ഥലപരിമിതിയിൽ ഞെങ്ങി ഞെരുങ്ങി നീങ്ങുകയാണ് കോഴിക്കോട് ഗവ. മെഡിക്കൽ കോളജ്. ഒരു ലക്ഷത്തിലേറെ രോഗികൾ ആശ്രയിക്കുന്ന ഈ ആശുപത്രിയിൽ കാലുകുത്താൻ ഇടമില്ലാത്ത അവസ്ഥ. മഴ കനത്തപ്പോൾ പകർച്ചപ്പനിയും ഡെങ്കിപ്പനിയും വർധിച്ചതോടെ രോഗികളുടെ എണ്ണം ഇരട്ടിയിലേറെയായി. 13 ജനറൽ മെഡിക്കൽ വാർഡുകളിലേക്കാണ് ഏറ്റവും കൂടുതൽ രോഗികളെ പ്രവേശിപ്പിക്കുന്നത്.

ഹൃദ്രോഗം, മൂത്രാശയരോഗങ്ങൾ, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ, പകർച്ചപ്പനി, ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം, വെസ്റ്റ്‌നൈൽ, വൃക്കരോഗങ്ങൾ എല്ലാം ആദ്യം എത്തുന്നത് ഈ വാർഡുകളിലേക്കാണ്. എന്നാൽ വാർഡിലെ തിരക്കു കാരണം കിടക്ക ലഭിക്കുന്നത് അപൂർവമാണ്. ദിവസം 700 പേരാണ് അത്യാഹിത വിഭാഗത്തിൽ എത്തുന്നത്.

രോഗികളുടെയും ബന്ധുക്കളുടെയും തിരക്കുകാരണം സ്ട്രച്ചറുകളിലും വീൽ ചെയറുകളിലും രോഗികളെ കൊണ്ടുപോകാൻ വളരെ ബുദ്ധിമുട്ടാണ്. സ്‌ട്രെച്ചറിൽ വച്ചുതന്നെ ചികിത്സ നടത്തുന്ന ആരോഗ്യപ്രവർത്തകരെ ഇവിടെ കാണാം. ഡോക്ടറുടെ മേശയ്ക്കു ചുറ്റും വേദന കടിച്ചമർത്തി ചികിത്സയ്ക്ക് കാത്തിരിക്കുന്നവർ, ഒന്നു ശ്വാസം വിടാൻ പോലും പ്രയാസപ്പെടുന്ന ജൂനിയർ ഡോക്ടർമാർ, റെഡ് ഏരിയയിൽ കൂടിയിരിക്കുന്ന രോഗികൾ, രോഗിക്കു ബോധം വരുന്നതും കാത്ത് നിരീക്ഷണ വാർഡിൽ കൂടിയിരിക്കുന്ന ബന്ധുക്കൾ. ഇതെല്ലാം ഇവിടുത്തെ അവസ്ഥയാണ് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!