കോവിഡ് വ്യാപനം രൂക്ഷം; വ്യാപാരികൾ കടുത്ത പ്രതിസന്ധിയിൽ

Local News

കോവിഡ് വ്യാപനം രൂക്ഷമായതോടെ അടച്ചുപൂട്ടലിൽപെട്ട സ്ഥലങ്ങളിലെ വ്യാപാരികൾ കടുത്ത പ്രതിസന്ധിയിൽ . കാരശ്ശേരി, കൊടിയത്തൂർ, കൂടരഞ്ഞി, ഓമശ്ശേരി, തിരുവമ്പാടി, കോടഞ്ചേരി തുടങ്ങി കിഴക്കൻ മലയോരത്തെ ഭൂരിപക്ഷം ഭാഗങ്ങളും പൂർണമായും, അടച്ചുപൂട്ടിയിരിക്കുകയാണ്. ഇവിടങ്ങളിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് മാത്രമാണ് ഉച്ചക്ക് രണ്ട് വരെ എങ്കിലും പ്രവർത്തിക്കാൻ അനുമതിയുള്ളൂ . പച്ചക്കറി ഉൾപ്പെടെ കടയിലേക്കാവശ്യമുള്ള സാധനങ്ങൾ മൊത്തവിൽപന കേന്ദ്രങ്ങളിൽ നിന്ന് വാങ്ങി കടയിലെത്തിച്ച് വ്യാപാരം തുടങ്ങണമെങ്കിൽ തന്നെ ഒമ്പത് മണിയാകും. ചെറുകിട കച്ചവടക്കാർ സ്വന്തമായി തന്നെ ഇതെല്ലാം ചെയ്യേണ്ടതിനാൽ മിക്കവാറും ഒമ്പത് മണിയോടെയാണ് കച്ചവടം തുടങ്ങാൻ പറ്റുന്നത്. രണ്ട് മണിക്ക് കടയടക്കണമെങ്കിൽ ഒന്നരക്ക് കച്ചവടം അവസാനിപ്പിക്കണം. പരിമിതമായ സമയം മാത്രമേ കച്ചവടത്തിന് ലഭിക്കുന്നുള്ളൂ. ഇത് കടയിലെ തിരക്ക് കൂട്ടുന്നതിനും, രോഗവ്യാപനത്തിനും വഴിവെക്കുന്നതായും വ്യാപാരികൾ പറയുന്നു.

നാട്ടിൻ പുറത്തെ ഇടപാടുകാരിലധികവും സാധാരണ കൂലിപ്പണിക്കാർ ആയതിനാൽ വൈകിയാണ് ഇവർ ജോലി കഴിഞ്ഞെത്തുക. രണ്ട് മണിക്ക് കടയടക്കുന്നതിനാൽ ഇത്തരക്കാരുടെ ഇടപാടുകളും നഷ്ടപ്പെടുന്ന സ്ഥിതിയാണ് .തൊട്ടടുത്ത് നിയന്ത്രണമില്ലാത്ത സ്ഥലങ്ങളിൽ രാത്രി 9 വരെ കടകൾ പ്രവർത്തിക്കാം. ലോക്ഡൗൺ നിയന്ത്രണമുള്ള ഭാഗങ്ങളിൽ അതിർത്തി പ്രദേശങ്ങൾ അടച്ചിടണമെന്ന കലക്ടറുടെ നിർദ്ദേശമുണ്ടെങ്കിൽ പോലും, എവിടെയും അടച്ചിട്ടില്ല. ലോക്ഡൗൺ നിലവിലുള്ള പ്രദേശങ്ങളിൽ നിന്ന്, ഇത്തരം സ്ഥലങ്ങളിലേക്കാണ് നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ ആളുകൾ കൂടുതലും പോകുന്നത്. സാധനങ്ങൾ യഥാസമയം വിറ്റഴിക്കാൻ കഴിയാത്തത് ,പഴം, പച്ചക്കറി, വ്യാപാരികൾക്ക് കനത്ത നഷ്ടമാണ് വരുത്തി വെക്കുന്നത്. ധനകാര്യ സ്ഥാപനങ്ങളിൽ നിന്നടക്കം വായ്പയെടുത്താണ് വ്യാപാരികളിലധികവും കടകൾ നടത്തുന്നത്. ഇതെല്ലാം തിരിച്ചടവ് മുടങ്ങി വൻ സാമ്പത്തിക ബാധ്യതയിലാണ് കച്ചവടക്കാർ.കർശന നിയന്ത്രണങ്ങളോടെയെങ്കിലും, കൂടുതൽ സമയം കടകൾ പ്രവർത്തിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.

error: Content is protected !!