
newsdesk
കൊടുവള്ളി∙ കെഎംഒ ആർട്‌സ് ആൻഡ് സയൻസ് കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയിച്ച കെഎസ്‌യു കൊടുവള്ളി നഗരത്തിൽ വിജയാഹ്ലാദ പ്രകടനത്തിൽ ഉയർത്തിയ ബാനർ വിവാദമായി. ‘എംഎസ്എഫ് തോറ്റു, മതേതരത്വം വിജയിച്ചു’ എന്ന വരികളാണ് വിവാദമായത്. കെഎംഒ കോളജിൽ കാലങ്ങളായി കെഎസ്‌യുവും എംഎസ്എഫും ഒറ്റയ്ക്കൊറ്റയ്ക്കാണ് മത്സരിക്കുന്നത്. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഉൾപ്പെടെ മുൻനിരയിൽ നിന്ന് നയിച്ച പ്രകടനത്തിലാണ് ബാനർ പിടിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുന്നണി ബന്ധത്തിനു തന്നെ വിള്ളലുണ്ടാക്കുന്നതാണ് വരികളെന്ന് വിമർശനമുയർന്നു.
എന്നാൽ ഈ മുദ്രാവാക്യം എംഎസ്‌എഫ് തോറ്റു എന്നും മതനിരപേക്ഷ സംഘടനയായ കെഎസ്‌യു ജയിച്ചു എന്നും മാത്രമേ അർഥം കാണേണ്ടതുള്ളു എന്നാണ് കോളജിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ യൂത്ത് കോൺഗ്രസ് നേതാക്കളായ പി.സി.ഫിജാസ്, ഫിലിപ് ജോൺ എന്നിവർ പ്രതികരിച്ചത്. ഇവർക്കെതിരെ പരാതി ഉയർന്നെങ്കിലും സംഘടനാ നടപടി എടുത്തിട്ടില്ല.
അതേസമയം ‘അഭയം തേടി വന്ന രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും തണലേകിയത് മുസ്‌ലിം ലീഗാണെ’ന്ന കൊടുവള്ളി മണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി കെ.കെ.എ.ഖാദറിന്റെ ഫെയ്സ്ബുക് പോസ്‌റ്റും വിവാദമായി. കെഎസ്‌യുവിന്റെ ബാനർ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് കെ.കെ.എ.ഖാദർ ഫെയ്സ് ബുക്കിൽ എഴുതിയത്. വിവാദമായതിനെ തുടർന്ന് ഖാദർ പോസ്‌റ്റ് തിരുത്തിയിരുന്നു. ലീഗിന്റെ മതനിരപേക്ഷതയുടെ തണൽ തേടി വന്ന കോൺഗ്രസ് നേതാക്കൾക്ക് ലീഗ് നൽകിയ പിന്തുണയെക്കുറിച്ച് മാത്രമാണ് പോസ്‌റ്റിൽ ഉദ്ദേശിച്ചിട്ടുള്ളതെന്നും ഇത് രാഷ്ട്രീയ വിരോധികൾ തെറ്റിദ്ധരിപ്പിച്ച് വിവാദമുണ്ടാക്കുകയാണ് എന്നും കെ.കെ.എ.ഖാദർ പറഞ്ഞു.