ജനങ്ങളുടെ കാത്തിരിപ്പിന് അറുതി ;വല്ലത്തായിക്കടവ് പാലം 25ന് താത്കാലികമായി തുറക്കും

മുക്കം : കാരശ്ശേരി പഞ്ചായത്തിലെ കാരമൂലയിൽ ചെറുപുഴക്ക് കുറുകെ വല്ലത്തായിക്കടവിൽ നിർമിച്ച പാലം വെള്ളിയാഴ്ച ഗതാഗതത്തിനായി താത്കാലികമായി തുറന്നു കൊടുക്കും. പാലം പ്രവൃത്തി വൈകിയതും ഗതാഗതത്തിന് തുറന്നു കൊടുക്കാത്തതും മൂലം നിരവധി പേർ പ്രയാസപ്പെടുന്ന സാഹചര്യത്തിൽ സി കെ കാസിം എം എൽ എ കരാറുകാരോട് ആവശ്യപ്പെട്ടതനുസരിച്ച് നടപടികൾ വേഗത്തിലാക്കുകയായിരുന്നു. പ്രവൃത്തികൾ വിലയിരുത്താനായി എം എൽ എ സ്ഥലം സന്ദർശിച്ചു. പാലം പണി തുടങ്ങിയത് മുതൽ യാത്രാ മാർഗം അടഞ്ഞുപോയ നാട്ടുകാരുടെ ദുരിതം കണക്കിലെടുത്താണ് എത്രയും പെട്ടെന്ന് പാലം തുറന്നു കൊടുക്കാൻ നിർദേശിച്ചത്.

പാലത്തിന്റെ കോൺക്രീറ്റ് പ്രവൃത്തി ആറ് മാസം മുമ്പ് കഴിഞ്ഞതാണെങ്കിലും സമീപ റോഡുകൾ പൂർത്തിയാക്കാത്തതുകൊണ്ടാണ് തുറന്നുകൊടുക്കാൻ വൈകിയത്. റോഡുകൾ മണ്ണിട്ട് ഉയർത്തി പാലത്തിനോട് ബന്ധിപ്പിക്കുന്ന പണി ഏറെക്കുറെ പൂർത്തിയായിട്ടുണ്ട്. 2024 ജനുവരിയിലാണ് പാലം പ്രവൃത്തി തുടങ്ങിയത്. പല കാരണങ്ങളാൽ പ്രവൃത്തി മന്ദഗതിയിലാവുകയും ഇടക്ക് നിലക്കുകയും തുടർന്ന് നീണ്ടുപോവുകയുമായിരുന്നു. അന്ന് മുതൽ വല്ലത്തായിപ്പാറ, കപ്പാല തുടങ്ങിയ കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ ജനങ്ങൾ പുഴക്ക് തൊട്ടപ്പുറത്തുള്ള സ്ഥലത്തേക്ക് യാത്ര ചെയ്യാൻ കിലോമീറ്റർ വളഞ്ഞുചുറ്റി പോകേണ്ട അവസ്ഥയിലായിരുന്നു.

കാരമൂല, കുമാരനെല്ലൂർ, കുട്ടിക്കൂന്ന്, കളരിക്കണ്ടി, കുറ്റിപ്പുറം തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങൾക്കും കാരമൂല വഴി വല്ലത്തായിപ്പാറ, തേക്കുംകുറ്റി, തോട്ടക്കാട്, മഞ്ചോട്ടി, കുമ്പാറ, കക്കാടംപൊയിൽ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യേണ്ടവർക്കും കിലോമീറ്ററുകൾ ചുറ്റിക്കറങ്ങിയുള്ള യാത്ര വലിയ ദുരിതമായിരുന്നു. പാലം പണി തുടങ്ങിയത് മുതൽ വല്ലത്തായിക്കടവ് വഴി തൊട്ടടുത്ത കാരമൂല അങ്ങാടിയിലേക്ക് ആളുകൾ എത്തുന്നത് കുറഞ്ഞു. ഇത് മൂലം കാരമൂല അങ്ങാടിയിലെ കച്ചവട സ്ഥാപനങ്ങളെയും പ്രതികൂലമായി ബാധിച്ചു. കടവിൽ നേരത്തേയുണ്ടായിരുന്ന വെന്റ് പൈപ്പ് പാലം പൊളിച്ചു നീക്കിയാണ് പുതിയപാലം പണിയുന്നത്. വെന്റ് പൈപ്പ് പാലത്തിന്റെ ഉയരം വളരെ കുറവായിരുന്നു. ഇതുമൂലം മഴക്കാലമായാൽ പാലം ദിവസങ്ങളോളം വെള്ളത്തിനടിയിലാകും. ഈ റൂട്ടിൽ ഗതാഗതവും മുടങ്ങുമായിരുന്നു.

എം എൽ എയോടൊപ്പം പഞ്ചായത്ത് അംഗം മൂസീർ പട്ടാക്കുന്ന്, ഐ ഇ ബൈജു എൻ, പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് പി എം സുബൈർ ബാബു, സലീം വെള്ളലശ്ശേരി, മനാഫ് ഒറ്റവിളങ്ങൽ, കെ പി മുജീബ്, ശിഹാബ് ഉമ്മിണിയിൽ, കാരാട്ട് ശ്രീനിവാസൻ, പി ടി യൂസഫ്, ബഷീർ കിലത്ത്, ഉസ്മാൻ പുളിക്കൽ എന്നിവരുമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!