ആത്മാർഥത ഉണ്ടെങ്കിൽ മുഖ്യമന്ത്രി നടപടിയെടുക്കണം, അതിനുശേഷം മതി സ്ത്രീകൾക്ക് അനുകൂലമായുള്ള പ്രസ്താവനകൾ’

കോഴിക്കോട് : ആത്മാർഥത ഉണ്ടെങ്കിൽ സ്വന്തം പാർട്ടിയിലെ ആരോപണ വിധേയരായവർക്ക് എതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടപടി എടുക്കണമെന്ന് ആർഎംപി നേതാവ് കെ.കെ.രമ എംഎൽഎ. സ്ത്രീകൾക്ക് അനുകൂലമായുള്ള പ്രസ്താവനകൾ അതിനുശേഷം മതി. രാഷ്ട്രീയ ലാഭത്തിനു വേണ്ടി ഇവർ സ്ത്രീകളെ ഉപയോഗിക്കുകയാണെന്നും ഒഞ്ചിയം നെല്ലാച്ചേരി സ്കൂളിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം രമ പറഞ്ഞു.

‘‘ഏറാമലയിലും ഒഞ്ചിയത്തും അഴിയൂരിലും ഒപ്പം ചോറോടും മുൻസിപ്പാലിറ്റിയിലും ആർഎംപിക്ക് മുൻതൂക്കം ലഭിക്കും. തൃശൂർ കുന്നംകുളം, കോഴിക്കോട് ഉൾപ്പെടെ പല സ്ഥലങ്ങളിലും ആർഎംപി മത്സരിക്കുന്നുണ്ട്. അവിടെയൊക്കെ സീറ്റ് വർധിപ്പിക്കും. സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധതക്കെതിരായും ഭരണവിരുദ്ധതക്കെതിരായും ചിന്തിക്കുന്ന മുഴുവൻ ജനാധിപത്യ വിശ്വാസികളും ആർഎംപിക്കും യുഡിഎഫിനും വേണ്ടി വോട്ട് ചെയ്യും എന്നാണ് പ്രതീക്ഷ.

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കൃത്യമായ നിലപാടാണ് കോൺഗ്രസ് എടുത്തത്. അതിനാൽ തന്നെ ഈ വിഷയത്തിൽ യുഡിഎഫിന് എതിരായ ഒരു നിലപാടിലേക്ക് സ്ത്രീകൾ എത്തുമെന്ന് പ്രതീക്ഷിക്കുന്നില്ല. ദിലീപ് വിഷയത്തിൽ യുഡിഎഫ് കൺവീനർ നടത്തിയ പ്രസ്താവന അതിശക്തമായി കോൺഗ്രസ് തള്ളിപ്പറഞ്ഞിട്ടുണ്ട്’’. കോൺഗ്രസ് പ്രസ്ഥാനം അത് തള്ളി പറഞ്ഞതോടെ വ്യക്തിപരമായ അഭിപ്രായമായി മാത്രമേ പിന്നീട് അതിനെ കാണാൻ സാധിക്കുകയുള്ളൂവെന്നും രമ പറഞ്ഞു.

error: Content is protected !!