
WebDesk
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയതിന് പിന്നാലെ ബിജെപി നേതാവും ദേശീയ വനിതാ കമ്മീഷൻ അംഗവുമായ ഖുശ്ബു സുന്ദറിന്റെ പഴയ ട്വീറ്റ് വൈറലാവുന്നു. 2018ൽ ഖുശ്ബു കോൺഗ്രസ് നേതാവായിരുന്ന സമയത്തുള്ള മോദി വിമർശനമാണ് നിലവിൽ വൈറലാവുന്നത്. ‘എല്ലാ അഴിമതിക്കാർക്കും മോദി എന്ന പേരുണ്ടെന്നായിരുന്നു’ ഖുശ്ബു സുന്ദർ ട്വീറ്റ് ചെയ്തത്. ഖുശ്ബുവിന്റെ ട്വീറ്റ് കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ ഇപ്പോൾ പങ്കുവെക്കുകയാണ്. രാഹുൽ ഗാന്ധിയുടെ പരാമർശത്തോട് സമാനമായ പരാമർശമാണ് ഖുശ്ബു നടത്തിയിരുന്നത്. ‘എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം മോദിയെന്ന് വരുന്നതെങ്ങനെ’ എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം.

2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു രാഹുൽ ഗാന്ധിയുടെ വിവാദ പരാമർശം. ഈ പരാമർശത്തിന്റെ പേരിലാണ് രാഹുലിനെതിരെ സൂറത്ത് കോടതി ശിക്ഷ വിധിച്ചത്. കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ നിരവധി പേരാണ് ഖുശ്ബുവിന്റെ പോസ്റ്റ് ഷെയർ ചെയ്യുന്നത്. ഇതിന്റെ പേരിൽ ഖുശ്ബുവിനെതിരെ കേസെടുക്കാൻ ഗുജറാത്ത് മുഖ്യമന്ത്രി തയ്യാറാണോയെന്നും കോൺഗ്രസ് നേതാക്കൾ ചോദിച്ചു.
മോദി സമുദായത്തെ അവഹേളിച്ചെന്ന കേസില്‍ കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിക്ക് രണ്ട് വര്‍ഷം തടവും 15,000 രൂപ പിഴയും വിധിച്ചിരുന്നു. സൂറത്തിലെ സിജെഎം കോടതിയുടേതായിരുന്നു വിധി. രാഹുലിന് കോടതി ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു. വിധിക്കെതിരെ അപ്പീല്‍ നല്കാന് 30 ദിവസത്തെ ജാമ്യമാണ് അനുവദിച്ചിരിക്കുന്നത്. മാനനഷ്ടക്കേസില്‍ രാഹുല്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കോതി വിധിക്ക് പിന്നാലെ പാര്‍ലമെന്റ് അംഗത്വത്തില്‍ നിന്ന് രാഹുലിനെ അയോഗ്യനാക്കിയിരുന്നു. ബിജെപി എംഎല്‍എ പൂര്‍ണേഷ് മോദിയാണ് പരാതിക്കാരന്.
അതേ സമയം സംഭവത്തിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. രാജ്യവ്യാപകമായി ഇതിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് എഐസിസി ആസ്ഥാനത്ത് വെച്ച് രാഹുല്‍ ഗാന്ധിയുടെ വാർത്താസമ്മേളനം നടക്കും. അതേസമയം രാഹുല്‍ ഗാന്ധിക്ക് അനുകൂലമായി മറ്റ് പ്രതിപക്ഷ നേതാക്കള്‍ നടത്തിയ പ്രസ്താവനകളെ കോണ്‍ഗ്രസ് സ്വാഗതം ചെയ്തു. ബിജെപിക്കെതിരെ ചിട്ടയായ പ്രതിപക്ഷ ഐക്യമാണ് വേണ്ടതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ബിജെപി സര്‍ക്കാരിന്റെ ഫാസിസ്റ്റ് നടപടിക്കെതിരെ നേതാക്കളായ മമതാ ബാനര്‍ജി, അരവിന്ദ് കെജിരിവാൾ, എംകെ സ്റ്റാലിന്, ഉദ്ധവ് താക്കറെ, കെസിആര്‍, അഖിലേഷ് യാദവ് തുടങ്ങിയവര്‍ രംഗത്ത് വന്നിരുന്നു.