
CTV ONLINE
കേരള ചരിത്രത്തിൽ 2021 ജൂലൈ 8 ഒരു സുപ്രധാനമായ ഒരു ദിവസമായി മാറുന്നു.കോവിഡ് 19,കോവിഡ് 19 വകഭേദങ്ങളായ ഡെൽറ്റ,ഡെൽറ്റ പ്ലസ്,ലാംഡ ബ്ലാക്ക് ഫങ്കസ്,വൈറ്റ് ഫങ്കസ്, ഇതുകൊണ്ടൊന്നും തീരുന്നില്ല. കേരളത്തിലെ വില്ലൻമാരുടെ എണ്ണം ദിനം പ്രതി വർധിച്ചുവരികയാണ്. മഴക്കാലമാണ് , മഴക്കാലരോഗങ്ങൾക്ക് പുറമെ പ്രളയം പോലൊരു മഹാമാരിയെക്കൂടി നാംമുൻ കൂട്ടികാണേണ്ടിയിരിക്കുന്നു.
2021ലെ ലോക ജന്തുജന്യരോഗദിനം ജൂലൈ 6ന് ആചരിച്ചതിനു തൊട്ടുപിന്നാലെയാണ് ആഗോളതലത്തിൽ പൊതുജനാരോഗ്യ ശ്രദ്ധ നേടിയ ജന്തുജന്യ രോഗമായ സിക്ക വൈറസ് രോഗം ആദ്യമായി കേരളത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.മറ്റു രാജ്യങ്ങളിൽ ഇടയ്ക്കിടെ ഈ രോഗം ഉയർന്നു വരുന്നുണ്ടെങ്കിലും കേരളത്തിൽ ആദ്യമായാണ് ഈ വൈറസുകളെ കണ്ടെത്തുന്നത്. 4 വർഷങ്ങൾക്ക് മുൻപ് 2017 ൽ ഇന്ത്യയിൽ സിക്ക റിപ്പോർട് ചെയ്തിട്ടുണ്ട്. കൊവിഡിനിടെ കേരളത്തിൽ സിക്ക വൈറസ് സാന്നിധ്യവും സ്ഥിരീകരിച്ചതോടെ ആശങ്ക വർധിക്കുകയാണ്.
എന്താണ് സിക്ക വൈറസ്?
ഫ്ളാവിവൈറസ് ജനുസിലെ ഒരു അംഗമാണ് സിക്ക വൈറസ്.ലളിതമായി പറഞ്ഞാൽ ഇതൊരു കൊതുകുജന്യ വൈറസ് രോഗമാണ്. പ്രധാനമായും ഈഡിസ് കൊതുകുകൾ പരത്തുന്ന വൈറസ് രോഗം.പകല്‍ പറക്കുന്ന ഈഡിസ് ഇനത്തില്‍പ്പെട്ട കൊതുകുകളാണ് ഈ വൈറസ് പകരാന്‍ ഇടയാക്കുന്നത്.മനുഷ്യരിൽ ഡെങ്കി പനി, ചിക്കൻ ഗുനിയ, യെല്ലോ ഫീവർ, തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകുന്ന ഫ്ലേവി വൈറസുകളാണ് സിക്ക വൈറസ് രോഗവുമുണ്ടാക്കുന്നത്.
സിക്ക വൈറസ് പകരുന്നത് എങ്ങനെയാണ് ?
ആഫ്രിക്കയിലെ ഉഗാണ്ടയിൽ വനപ്രദേശങ്ങളിലുള്ള കുരങ്ങുകളിലാണ് ആദ്യമായി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്. സിക്ക വൈറസ് ബാധയുള്ള കുരങ്ങുകളെ കടിച്ച കൊതുകുകൾ, പിന്നീട് മനുഷ്യരെ കടിക്കുമ്പോഴാണ് രോഗം ജന്തുക്കളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്നതെന്നാണ് ശാസ്ത്രീയപഠനങ്ങൾ തെളിയിക്കുന്നത്. പകൽ സമയത്ത് മനുഷ്യരെ കടിക്കുന്ന ഈഡിസ് ഈജിപ്തി, ഈഡിസ് ആൽബോപിക്റ്റസ് തുടങ്ങിയ കൊതുകുകളാണ് രോഗം പരത്തുന്നത്
മനുഷ്യരിൽ നിന്നും മറ്റു മനുഷ്യരിലേക്ക് രോഗം പകരുന്നത് മുഖ്യമായും കൊതുകുകടിയിലൂടെ തന്നെയാണ്. രോഗബാധയുടെ ആദ്യഘട്ടത്തിലാണ് കൊതുകു കടിയിലൂടെ രോഗം പകരുന്നത്. അമ്മയിൽ നിന്നു ഗർഭപാത്രം വഴി കുഞ്ഞുങ്ങളിലേക്കും, സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം, രക്തദാനം, അവയവദാനം തുടങ്ങിയവയിലൂടെയും മറ്റു മനുഷ്യരിലേക്ക് രോഗം പകരാം. എന്നാൽ, മൃഗങ്ങളുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെ അതായത്, മൃഗങ്ങൾ തൊടുക, നക്കുക, ചുമയ്ക്കുക, തുമ്മുക എന്നിവയിലൂടെ മനുഷ്യരിലേക്ക് രോഗം പകരാറില്ല. നായ, പൂച്ച, പക്ഷികൾ തുടങ്ങിയ അരുമ മൃഗങ്ങളിൽ വൈറസ് രോഗം ഇതുവരെയും റിപ്പോർട്ട് ചെയ്തിട്ടില്ല. അതിനാൽ തന്നെ മൃഗങ്ങളെ പരിപാലിക്കുന്നവർ ആശങ്കപ്പെടേണ്ടതില്ല.
പ്രധാന ലക്ഷണങ്ങൾ?
തലവേദന,പണി,കണ്ണിനു പിന്നിൽ വേദന, ഛർദി,സന്ധിവേദന,പേശിവേദന,ചര്‍മത്തില്‍ തടിപ്പ് തുടങ്ങിയവയാണ് സിക്ക വൈറസിനു കണ്ടുവരുന്നു പ്രധാന ലക്ഷണങ്ങൾ.
രോഗാണുക്കൾ ശരീരത്തിലെത്തിയാൽ മൂന്ന് ദിവസം ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം, അത് ഒരാഴ്ച വരെയോ ഏറിയാൽ 12 ദിവസം വരെയോ നീണ്ടു നിൽക്കാം.പലരിലും ലക്ഷങ്ങൾ പോലും കാണിക്കാതെയും ഈ അസുഖം വരാവുന്നതാണ്.
സിക്കയെ പേടിക്കേണ്ടതുണ്ടോ?
സാധാരണ ഗതിയിൽ വളരെ ലഘുവായ രീതിയിൽ വന്നു പോന്ന ഒരു വൈറസ് രോഗബാധയാണിത്. മരണ സാധ്യത വളരെ കുറവാണെങ്കിലും ഗർഭിണികൾ ആണ് സിക്കയെ കൂടുതൽ ശ്രദ്ധിക്കേണ്ടത്. ഗർഭിണിയായ സ്ത്രീയിൽ ഈ രോഗബാധ ഉണ്ടായാൽ നവജാത ശിശുവിന് ജന്മനാലുള്ള തകരാറുകൾ ഉണ്ടാകുമെന്നതാണ് ആശങ്ക. അതിൽ പ്രധാനമാണ് മൈക്രോസെഫാലി എന്ന രോഗാവസ്ഥ. തലയുടെ വലുപ്പം കുറയുകയും, തലച്ചോറിൻറെ വളർച്ച ശുഷ്കമാവുകയും ചെയ്യുന്ന അവസ്ഥയാണിത്. കൂടാതെ വളർച്ച എത്താതെ പ്രസവിക്കാനും അബോർഷൻ ആവാനും സാധ്യത ഏറെയാണ്.
ചികിത്സ എങ്ങനെ?
മരണ സാധ്യത ഇല്ലാത്തതിനാൽ, കിടത്തി ചികിത്സ കുറവാണ്. സിക്ക വൈറസിനെ നശിപ്പിക്കുന്ന ഫലപ്രദമായ ആൻറിവൈറസ് മരുന്നുകളോ, ഇതിനെതിരെയുള്ള വാക്സിനുകളോ നിലവിൽ വികസിപ്പിച്ചിട്ടില്ല എന്നതും ആശങ്കയ്ക്ക് വഴികേക്കുന്നുണ്ട്. വിശ്രമവും ശരിയായ ഭക്ഷണവും പാനീയങ്ങളുമൊക്കെ മതിയാവും രോഗ ശമനത്തിന്. ആവശ്യമെങ്കില്‍ പനിക്കും വേദനയ്ക്കും പാരസെറ്റമോൾ പോലുള്ള മരുന്നുകളും കഴിക്കാവുന്നതാണ്.
പ്രതിരോധമാല്ലേ ചികിത്സയെക്കാൾ ഉത്തമം?
ഡെങ്കിപ്പനി,ചിക്കുന്‍ ഗുനിയ തുടങ്ങിയ അസുഖങ്ങള്‍ പകരുന്ന അതേ രീതിയിലാണ് സിക്ക എന്ന ഈ രോഗവും പകരുന്നത്.വാക്സിനുകൾ ലഭ്യമല്ലാത്തതിനാൽ കൊതുക് നശീകരണവും പരിസര ശുചീകരണവും കർശനമാക്കണം.
കൊതുകുകടി ഏല്ക്കാതെ സൂക്ഷിക്കുക.
- കൊതുകിന്റെ പ്രജനനം നിയന്ത്രിക്കുക തുടങ്ങിയവ സാധ്യമാക്കാനുള്ള നടപടികളാണ് പരമപ്രധാനം.
- സുരക്ഷിതമായ രക്തദാനം, അവയവദാനം, ലൈംഗികബന്ധം എന്നിവ സംബന്ധിച്ച് ലോകാരോഗ്യസംഘടനയുടെ നിർദ്ദേശങ്ങൾ പാലിക്കുക .
- വീടിന് ചുറ്റും കൊതുകുകൾ പെറ്റ് പെരുകുന്നതിനുള്ള സാഹചര്യം ഇല്ലാതാക്കുക.
- കൊതുകു കടിയിൽ നിന്ന് രക്ഷ നേടാനുള്ള പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാം.
- ഉറങ്ങുമ്പോൾ കൊതുക് കടി തടയുന്ന രൂപത്തിൽ മുഴുവൻ മൂടുന്ന വസ്ത്രം ധരിക്കുകയോ കൊതുകുവല ഉപയോഗിക്കുന്നത് ശീലമാക്കുകയോ ചെയ്യുക.
- ഗർഭിണികളും ഗർഭവതികൾ ആവാനിടയുള്ളവരും കരുതലോടെയിരിക്കണം. വൈറസ് ബാധിത പ്രദേശങ്ങളിൽ നിന്ന് തിരിച്ചു വന്നവർക്ക് രണ്ടാഴ്ചക്കുള്ളിൽ പനി ഉണ്ടായാൽ ഉടനെ വൈദ്യസഹായം തേടണം.
‘കൊവിഡ് മഹാമാരി കൊണ്ട് വലഞ്ഞിരിക്കുന്ന ഈ വേളയിൽ മറ്റൊരു വൈറസ് കൂടി വില്ലനായി വന്നോ എന്ന ആശങ്ക പലരിലും ഉണ്ടായേക്കാം.ചുരുക്കി പറഞ്ഞാൽ അമിത ആശങ്കകൾ വേണ്ട. കരുതലാണ് മുഖ്യം’