newsdesk
ശ്രീ കേരളവര്‍മ്മ കോളജ് യൂണിയന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള റീ കൗണ്ടിംഗിൽ എസ്എഫ്ഐ സ്ഥാനാർത്ഥി അനിരുദ്ധന് വിജയം. 3 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് അനിരുദ്ധൻ ജയിച്ചത്.
കഴിഞ്ഞ ദിവസം ചെയർമാൻ സ്ഥാനാർത്ഥികളും വിദ്യാർത്ഥി സംഘടനാപ്രതിനിധികളുടെയും യോഗം ചേർന്നാണ് വോട്ടെണ്ണൽ തീരുമാനിച്ചത്.
വോട്ടെണ്ണൽ നടപടികൾ പൂർണമായും വിഡിയോയിൽ പകർത്താനുള്ള സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ട്. ട്രഷറി ലോക്കറിൽ ആയിരുന്ന ബാലറ്റുകൾ കഴിഞ്ഞ ദിവസം കോളജിലെ സ്ട്രോങ്ങ് റൂമിലെ ലോക്കറിലേക്ക് മാറ്റിയിരുന്നു. രാവിലെ സ്ഥാനാർഥികളുടെയും പ്രതിനിധികളുടെയും സാനിധ്യത്തില്‍ ഇത് തുറന്ന് ചേംബറിലെത്തിച്ചു.
യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ ചെയർമാന്റെ വിജയം റദ്ദാക്കി ഹൈക്കോടതി റദ്ദാക്കിയിരുന്നു. കെഎസ്‌യു ചെയർമാൻ സ്ഥാനാർത്ഥി ശ്രീക്കുട്ടൻ സമർപ്പിച്ച ഹർജിയിലായിരുന്നു ഹൈക്കോടതി ഇടപെടൽ. മാനദണ്ഡങൾ അനുസരിച്ച് റീ കൗണ്ടിങ് നടത്താൻ കോടതി ഉത്തരവിടുകയായിരുന്നു. വോട്ട് ആദ്യം എണ്ണിയതും റീ കൗണ്ടിങ് നടത്തിയതും നടപടിക്രമങ്ങൾ പാലിക്കാതെയാണെന്ന് വിലയിരുത്തിയാണെന്ന് ഹൈക്കോടതി ഉത്തരവ്.
റീ കൗണ്ടിംഗ് സമയത്ത് വൈദ്യുതി ബോധപൂർവ്വം തടസ്സപ്പെടുത്തിയെന്നും അട്ടിമറിയുണ്ടായെന്നും ഹർജിയിൽ കെഎസ്‌യു സ്ഥാനാർത്ഥി ആരോപിച്ചിരുന്നത്. കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കൗണ്ടിങ് പൂർത്തിയായപ്പോൾ കെഎസ്‌യു സ്ഥാനാർത്ഥി ശ്രീക്കുട്ടൻ ഒരു വോട്ടിന് വിജയിച്ചിരുന്നു. പിന്നാലെ റീ കൗണ്ടിങിൽ എസ്എഫ്‌ഐ സ്ഥാനാർത്ഥി 11 വോട്ടുകൾക്ക് വിജയിച്ചതായി പ്രഖ്യാപനം വന്നു. ഇതിന് പിന്നാലെ കെ.എസ്.യു അട്ടിമറി ആരോപിച്ച് രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ മാസം ഒന്നിന് ആയിരുന്നു തെരഞ്ഞെടുപ്പ്. ആദ്യം വോട്ടെണ്ണിയപ്പോൾ ശ്രീക്കുട്ടന് 896 വോട്ടും എസ്എഫ്ഐയുടെ അനിരുദ്ധന് 895 വോട്ടുമായിരുന്നു ലഭിച്ചത്. തുടർന്ന് എസ്എഫ്ഐയുടെ ആവശ്യപ്രകാരം റീ കൗണ്ടിംഗ് നടത്തുകയും അനിരുദ്ധൻ 11 വോട്ടിന് വിജയിച്ചതായി പ്രഖ്യാപിക്കുകയുമായിരുന്നു.