തദ്ദേശ തിരഞ്ഞെടുപ്പ് ; ആദ്യ മണിക്കൂറുകളില്‍ ഭേദപ്പെട്ട പോളിങ്; ശബരിമലയും രാഹുലും ചര്‍ച്ചയാക്കി മുന്നണികള്‍,ദിലീപില്‍ ഭിന്നിച്ച് യുഡിഎഫ്

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുമ്പോള്‍ ആദ്യമണിക്കൂറുകളില്‍ ഭേദപ്പെട്ട പോളിങ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് ജില്ലകളില്‍ 595 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ആദ്യ നാല് മണിക്കൂര്‍ പിന്നിടുമ്പോള്‍ 25 ശതമാനം പിന്നിട്ടുണ്ട് ഭൂരിപക്ഷം ജില്ലകളിലേയും പോളിങ് ശതമാനം. കോട്ടയം,ആലപ്പുഴ, എറണാകുളം, കൊല്ലം ജില്ലകളിലാണ് രാവിലെ ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. തിരുവനന്തപുരത്തും ഇടുക്കിയിലുമാണ് താരമ്യേന കുറഞ്ഞ പോളിങ് ശതമാനം. വലിയ അനിഷ്ട സംഭവങ്ങളൊന്നും ഇതുവരെ എവിടെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സ്ഥാനാര്‍ഥികളുടെ മരണത്തെ തുടര്‍ന്ന് രണ്ടിടങ്ങളില്‍ വോട്ടെടുപ്പ് മാറ്റിവെച്ചിട്ടുണ്ട്.

എറണാകുളം ജില്ലയിലെ പാമ്പാക്കുട ഗ്രാമ പഞ്ചായത്ത് പത്താം ഡിവിഷനിലും (ഓണക്കൂര്‍) തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം വാര്‍ഡിലുമാണ് വോട്ടെടുപ്പ് മാറ്റിവെച്ചത്. പ്രധാനപ്പെട്ട നേതാക്കളെല്ലാം രാവിലെ തന്നെ ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി.

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും കുടുംബവും രാവിലെ ആറരയ്ക്ക് തന്നെ വോട്ട് ചെയ്യാനായി ബൂത്തിലെത്തിയിരുന്നു. ശാസ്തമംഗലം സര്‍ക്കാര്‍ സ്‌കൂളില്‍ വോട്ടെടുപ്പ് തുടങ്ങിയ ഏഴ് മണിക്ക് ആദ്യ വോട്ടര്‍മാരിലൊരാളായി സുരേഷ് ഗോപി വോട്ട് ചെയ്തു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും രാവിലെ ഏഴിന് വോട്ട് രേഖപ്പെടുത്തി. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എ.ഷാജഹാന്‍ പട്ടം സെന്റ്‌മേരീസ് സ്‌കൂളില്‍ വോട്ട് ചെയ്തു. മന്ത്രി വി.ശിവന്‍കുട്ടി തിരുവനന്തപുരം ഫോര്‍ട്ട് വാര്‍ഡിലെ ബൂത്ത് ഒന്നിലെത്തി വോട്ട് ചെയ്തു.

ശബരിമല സ്വര്‍ണക്കൊള്ളയും രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ സ്ത്രീപീഡന കേസുകളും നേതാക്കള്‍ ചര്‍ച്ചയാക്കി. നടി ആക്രമിക്കപ്പെട്ട കേസിലെ കോടതിവിധി സംബന്ധിച്ചും നേതാക്കള്‍ പ്രതികരണം നടത്തി. അതിജീവിതയ്‌ക്കൊപ്പമാണ് തങ്ങളെന്നാണ് മന്ത്രിമാരുള്‍പ്പടെയുള്ള നേതാക്കള്‍ പറഞ്ഞത്. ഇതിനിടെ ദിലീപിനെ അനുകൂലിച്ച് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് രംഗത്തെത്തി. ദിലീപിന് നീതി ലഭിച്ചെന്നും അപ്പീല്‍ നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ പരിഹസിച്ചുമായിരുന്നു യുഡിഎഫ് കണ്‍വീനറുടെ പ്രതികരണം. സ്ത്രീവിരുദ്ധ നിലപാടാണ് അടൂര്‍ പ്രകാശില്‍നിന്നുണ്ടായതെന്ന് മന്ത്രി വീണാ ജോര്‍ജ് വിമര്‍ശിച്ചു. അതേസമയം അടൂര്‍ പ്രകാശിന്റെ നിലപാടിന് വിരുദ്ധമായിട്ടാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പ്രതികരിച്ചത്. പ്രോസിക്യൂഷന് ഉണ്ടായെന്നും സര്‍ക്കാര്‍ അപ്പീലിന് പോകണമെന്നാണ് തങ്ങളുടെ അഭിപ്രായമെന്നും സണ്ണി ജോസഫ് പറഞ്ഞു. ജനം ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്നും യുഡിഎഫ് വന്‍ വിജയം നേടുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി അവകാശപ്പെട്ടു.

error: Content is protected !!