മഴക്കെടുതി വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം

Web Desk

മഴക്കെടുതി വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച അവലോകന യോഗം ചേരും. പത്ത് മണിക്ക് ഓൺലൈനായാണ് യോഗം. ചീഫ് സെക്രട്ടറി, ജില്ലാ കളക്ടർമാർ, റവന്യു, ജലവിഭവ, വൈദ്യുതി മന്ത്രിമാർ വകുപ്പ് തലവന്മാർ, തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. ഡാമുകളിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ഡാമുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും യോഗം ചർച്ച ചെയ്യും. കേരളത്തിലെ അഞ്ച് നദികളിലാണ് ഇന്നലെ ഓറഞ്ച് അലേർട്ട് പുറപ്പെടുവിച്ചത്. മണിമല, കല്ലട, അച്ഛൻ കോവിൽ, കരമന, നെയ്യാർ എന്നി നദികൾക്കാണ് കേന്ദ്ര ജല വിഭവ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്. ഇതിന് പുറണെ ഇടുക്കി, പമ്പാ ഡാമുകളിലും ഓറഞ്ച് അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ മഴക്കെടുതിയിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത മരണസംഖ്യ 22 ആണ്. കോട്ടയത്ത് 13 പേരും ഇടുക്കിയിൽ 8 പേരും കോഴിക്കോട് വടകരയിൽ ഒരു കുട്ടിയും മരിച്ചു. കോട്ടയം കൂട്ടിക്കലിൽ ഉരുൾപൊട്ടലിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത മരണം പത്താണ്. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ ഇന്ന് നടത്തിയ പരിശോധനയിലാണ് 7 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തത്. ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് പേരുടെ മൃതദേഹങ്ങളും ലഭിച്ചു. ഇതോടെ കോട്ടയം ജില്ലയിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 13 ആയി. മരിച്ചവർക്ക് നാലു ലക്ഷം രൂപ ധനസഹായവും, പരുക്കേറ്റവർക്ക് ചികിത്സ സഹായവും നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചു.

error: Content is protected !!