കാനത്തിന് വിട നൽകി തലസ്ഥാനം; വിലാപയാത്രയായി കോട്ടയത്തേക്ക്

തിരുവനന്തപുരം: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് വിട നൽകി തലസ്ഥാനം. കാനം രാജേന്ദ്രന്റെ ഭൗതികശരീരം വഹിച്ചുകൊണ്ട് വിലാപയാത്രയായി ഇനി കോട്ടയത്തേക്ക് പോകും. നാലുമണിയോടെ വിലാപയാത്ര കിളിമാനൂരിൽ എത്തും. തുടർന്ന് 5.15ന് കൊട്ടാരക്കരയിൽ എത്തും.

കൊച്ചി അമൃത ആശുപത്രിയിൽ നിന്നും സ്വകാര്യ വിമാനം വഴിയാണ് തിരുവനന്തപുരത്ത് മൃതദേഹം എത്തിച്ചത്. പട്ടം പിഎസ് സ്മാരകത്തിൽ രണ്ട് മണിവരെ പൊതുദർശനം നടത്തി. ആയിരങ്ങളാണ് അദ്ദേഹത്തിന് ആദരമർപ്പിക്കാൻ എത്തിയത്. നാളെ രാവിലെ 11 മണിക്കാണ് സംസ്കാരം. ഇന്നലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു കാനത്തിന്റെ അന്ത്യം. അനാരോഗ്യം മൂലം സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധിയെടുക്കാന്‍ കഴിഞ്ഞ ദിവസം ദേശീയ നേതൃത്വത്തിന് അപേക്ഷ നല്‍കിയിരുന്നു. പിന്നാലെയാണ് മരണം.കോട്ടയം കൂട്ടിക്കലിൽ പരേതരായ വി.കെ. പരമേശ്വരൻ നായരുടെയും ടി.കെ. ചെല്ലമ്മയുടെയും മകനായി 1950 നവംബർ 10നാണ് ജനനം. ഭാര്യ: വനജ. മക്കൾ: സന്ദീപ്, സ്മിത. മരുമക്കൾ: താരാ സന്ദീപ് (സെക്രട്ടേറിയറ്റ്)​, വി. സർവേശ്വരൻ (ബിസിനസ്)​. മൂന്നു തവണ സി.പി.ഐ സംസ്ഥാന സെക്രട്ടറിയും രണ്ടുതവണ നിയമസഭാംഗവുമായി. സി.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമാണ്. വാഴൂർ എസ്.വി.ആർ.എൻ എസ്.എസ് സ്‌കൂൾ, കോട്ടയം ബസേലിയോസ് കോളേജ്, മോസ്‌കോ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലായിരുന്നു കാനത്തിന്റെ പഠനം.ആശുപത്രിയിൽ പൊതുദർശനത്തിന് വച്ച ഭൗതികദേഹത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും അന്ത്യാഞ്ജലി അർപ്പിച്ചു. നവകേരള യാത്രയിലായിരുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും ആ ബസിലാണ് ആശുപത്രിയിലെത്തിയത്. വൃക്കസംബന്ധമായ പ്രശ്നങ്ങളുമായി ഒക്ടോബർ 25നാണ് കാനത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിനിടെ പ്രമേഹം മൂർച്ഛിച്ച് കാലിലെ മുറിവിൽ അണുബാധയുണ്ടായി. കുറച്ചുനാൾ മുമ്പുണ്ടായ അപകടത്തിൽ പറ്റിയ മുറിവ് ഉണങ്ങിയിരുന്നില്ല. നവംബർ 14ന് വലതുകാൽ മുട്ടിന് താഴെവച്ച് മുറിച്ചുമാറ്റി. ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്കും ചികിത്സ നൽകി വരികയായിരുന്നു.

error: Content is protected !!