
NEWSDESK
ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ച് സ്ത്രീകളെ വിവസ്ത്രയാക്കുന്ന വെബ്‌സൈറ്റുകളുടെയും ആപ്ലിക്കേഷനുകളുടെയും ഉപയോഗം കുതിച്ചുയരുന്നതായി റിപ്പോർട്ട്. സെപ്തംബറിൽ മാത്രം 2.40 കോടി പേരാണ് ഇത്തരം വെബ്‌സൈറ്റുകളും ആപ്ലിക്കേഷനുകളും സന്ദർശിച്ചതെന്ന് സോഷ്യൽ നെറ്റ്‌വർക്കിംഗ് സ്ഥാപനമായ ഗ്രാഫിക്ക പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
സ്ത്രീകളെ വിവസ്ത്രയാക്കുന്നതിനും നഗ്നയാക്കുന്നതിനും വേണ്ടിയാണ് ആളുകൾ ഈ ആപ്പുകളുടെ സേവനം ഉപയോഗിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഇത്തരം ആപ്പുകളുടെ പരസ്യങ്ങൾ 2400 ശതമാനം വർദ്ധിച്ചിട്ടുണ്ട്. എക്‌സ്, റെഡ്ഡിറ്റ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലാണ് പരസ്യങ്ങൾ കൂടുതലായും പ്രത്യക്ഷപ്പെടുന്നതെന്ന് ഗവേഷകർ പറയുന്നു. ഒരു ചിത്രത്തെ പുനർനിർമ്മിക്കാനോ നഗ്നരാക്കാനോ വേണ്ടിയാണ് ഈ ആപ്പിന്റെ സേവനം ആളുകൾ ഉപയോഗിക്കുന്നത്. കൂടുതലും സ്ത്രീകളുടെ ചിത്രങ്ങളാണ് ഈ ആപ്പ് ഉപയോഗിച്ച് വിവസ്ത്രമാക്കുന്നത്.ആപ്പുകളുടെ ഉപയോഗം വർദ്ധിച്ചതോടെ സ്ത്രീകളുടെ ഫോട്ടോകൾ, അവരുടെ സമ്മതമില്ലാതെ അശ്ലീല ചിത്രങ്ങൾക്ക് വേണ്ടി ഉപയോഗിക്കുമെന്ന ആശങ്ക വർദ്ധിക്കുന്നുണ്ട്. അടുത്തിടെ ചർച്ചയായ ഡീപ്‌ഫേക്ക് പോണോഗ്രഫിയും ഇത്തരം ആപ്പുകളുടെ ഭാഗമാണ്. ഈ ആപ്പുകളുടെ വ്യാപനം ഗുരുതരമായ നിയമലംഘനത്തിലേക്ക് വഴിതുറക്കും. സോഷ്യൽ മീഡിയയിൽ പബ്ലിക്കായി അപ്‌ലോഡ് ചെയ്ത ചിത്രങ്ങളാണ് ഇത്തരക്കാർ അവരുടെ അറിവോ സമ്മതമോ ഇല്ലാതെ എഐ സാങ്കേതിവിദ്യ ഉപയോഗിച്ച് ദുരുപയോഗം ചെയ്യുന്നത്.സ്ത്രീകളെ വിവസ്ത്രയാക്കുന്ന ഒരു ആപ്പിന്റെ പരസ്യം അടുത്തിടെ എക്സിൽ പ്രത്യക്ഷപ്പെട്ടിരുന്നു. നിങ്ങൾ തിരഞ്ഞെടുക്കുന്ന ഫോട്ടോയിൽ കാണുന്ന ആളെ വിവസ്ത്രയാക്കി ആ ചിത്രം മറ്റുള്ളവർക്ക് അയച്ചുകൊടുക്കുന്നതാണ് പരസ്യത്തിലുള്ളത്. ആപ്പുകളിൽ ഒന്നിന്റെ സ്‌പോൺസേർഡ് പരസ്യം യൂട്യൂബിലും ദൃശ്യമായിരുന്നു. ‘ന്യൂഡിഫൈ’ എന്ന വാക്ക് ഉപയോഗിച്ച് സെർച്ച് ചെയ്യുമ്പോഴാണ് ഈ ആപ്പ് ദൃശ്യമാകുന്നത്.എന്നാൽ ലൈംഗികത ഉള്ളടക്കമാക്കുന്ന കണ്ടന്റുകൾ ഒരിക്കലും പ്രോത്സാഹിപ്പിക്കില്ലെന്ന് ഗൂഗിൾ വക്താവ് വ്യക്തമാക്കുന്നുണ്ട്. ഇത്തരം പരസ്യങ്ങൾ അവലോകനം ചെയ്യുമെന്നും ഞങ്ങളുടെ നയങ്ങൾ ലംഘിക്കുന്നവ നീക്കം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം ലൈംഗിക ഉള്ളടക്കങ്ങൾ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കുമെന്ന് റെഡ്ഡിറ്റും അറിയിച്ചിട്ടുണ്ട്. അടുത്തിടെ നടത്തിയ പരിശോധനയിൽ നിരവധി ഡൊമൈനുകൾ നിരോധിച്ചിട്ടുണ്ടെന്നും കമ്പനി വക്താവ് വ്യക്തമാക്കുന്നു.