ലഹരിമരുന്ന് കേസിൽ അട്ടിമറിയെന്ന് ആരോപണം; കേസ് ക്രൈംബ്രാഞ്ചിന് കൈമാറും

Web Desk

കാക്കനാട് ലഹരിമരുന്ന് പിടികൂടിയ കേസ് എക്സൈസ് ക്രൈംബ്രാഞ്ചിന് കൈമാറും. ലഹരിമരുന്ന് കേസിൽ അട്ടിമറി നടന്നെന്ന് ആക്ഷേപം ഉയർന്ന സാഹചര്യത്തിലാണ് എക്സൈസ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നത്. രണ്ടു യുവതികൾ എംഡിഎംഎ ഒളിപ്പിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ ഉണ്ടായിരുന്നിട്ടും ഇതിലെ ഒരു യുവതിയെ പ്രതിയാക്കാതെ ഒഴിവാക്കിയെന്നാണ് ആരോപണം.

പ്രതികളെ പിടിച്ച ഉടൻ കസ്റ്റംസ് എടുത്ത ഫോട്ടോയിൽ ഏഴ് പ്രതികളാണ് ഉള്ളത്. പ്രതികളുമായുള്ള കസ്റ്റംസിന്റെ ഫോട്ടോ 24 ന് ലഭിച്ചു. കസ്റ്റംസിന്റെ വാർത്താകുറിപ്പിലും 7 പ്രതികളാണ് ഉള്ളത്. എന്നാ്ൽ എക്സൈസ് കേസിൽ പ്രതികളുടെ എണ്ണം അഞ്ചായി. രണ്ട് പേരെ ഒഴിവാക്കിയിട്ടുണ്ട്. പ്രതികളിൽ നിന്ന് മാൻ കൊമ്പും പിടിച്ചിട്ടുണ്ട്. എന്നാൽ ഇത് മഹസറിൽ രേഖപ്പെടുത്തിയിട്ടില്ല.

കഴിഞ്ഞ 19 -ാം തിയതി പുലർച്ചെയാണ് മാരകലഹരിമരുന്നായ എംഡിഎംഎയുമായി യുവതിയടക്കമുള്ള പ്രതികൾ പിടിയിലായത്. ഇവരിൽ നിന്ന് 84 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിൽ അലക്കാനിട്ട തുണികൾക്കിടയിൽ ഒളിപ്പിച്ച ഒരു ബാഗിൽ നിന്ന് ഒരു കിലോയിലധികം രൂപയുടെ എംഡിഎംഎ കൂടി പിടിച്ചു.

കാക്കനാട് ലഹരി മരുന്ന് വേട്ടയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നാലിടങ്ങളിൽ എക്സൈസ് റെയ്ഡ് നടത്തിയിരുന്നു. വയനാട്, ഇടുക്കി ജില്ലകളിലുൾപ്പെടെയുള്ള നാല് ഇടങ്ങളിലാണ് റെയ്ഡ്. പ്രതികളിൽ നിന്ന് പിടിച്ചെടുത്ത ഡയറിയിൽ പേരുണ്ടായിരുന്ന ആറുപേരുടെ വീടുകളിലാണ് പരിശോധന നടത്തിയത്. അന്വേഷണ സംഘം എത്തിയപ്പോഴേക്കും പ്രതികളെന്ന് സംശയിക്കുന്നവർ കടന്നുകളഞ്ഞു.

സംഭവത്തിൽ പ്രതികൾ കോടികളുടെ ലഹരിമരുന്ന് കേരളത്തിലേക്ക് കടത്തിയിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ എക്സൈസ് ഇൻസ്പെക്ടർ എൻ ശങ്കർ പറഞ്ഞു . കേസിൽ കൂടുതൽ പ്രതികൾ ഇനിയും പിടിയിലാകും. കേരളത്തിൽ ലഹരി വിൽക്കുന്ന മുഖ്യ സംഘങ്ങളിൽ ഒരു കൂട്ടമാണ് ഇപ്പോൾ വലയിൽ ആയിരിക്കുന്നത്.

error: Content is protected !!