
News Desk
കടയ്ക്കാവൂരില്‍ മകനെ അമ്മ പീഡിപ്പിച്ചെന്ന കേസില്‍ ഞെട്ടിക്കുന്ന കണ്ടെത്തലുകളാണ് പുറത്തു വരുന്നത്. കടയ്ക്കാവൂര്‍ സ്വദേശിയായ നാലു കുട്ടികളുടെ അമ്മയെ ഡിസംബറിലാണ് പോക്സോ കേസില്‍ അറസ്റ്റ് ചെയ്‌തത്. അമ്മ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് 13 വയസുകാരനായ രണ്ടാമത്തെ മകന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ആയിരുന്നു അറസ്റ്റ്.
പതിമൂന്ന് വയസുകാരന്‍ പറഞ്ഞതുതൊന്നും സത്യമായിരുന്നില്ലെന്നാണ് അന്വേഷണസംഘം ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. അശ്ലീല വീഡിയോ കാണുന്നത് അച്ഛന്‍ കണ്ടുപിടിച്ചപ്പോള്‍ അതില്‍ നിന്ന് രക്ഷപ്പെടാനായുള്ള പതിമൂന്ന് വയസുകാരന്‍റെ തന്ത്രമായിരുന്നു കേരളത്തെ നടുക്കിയ സംഭവത്തിന് കാരണം.ശാസ്ത്രീയ പരിശോധനകള്‍ അടക്കം നടത്തിയതിന് പിന്നാലെയാണ് കുട്ടി അമ്മയ്ക്കെതിരെ നല്‍കിയ മൊഴി വിശ്വാസയോഗ്യമല്ലെന്ന് അന്വേഷണ സംഘം കണ്ടെത്തിയത്. അമ്മയുടെ മൊബൈലിലൂടെ കുട്ടി സ്ഥിരമായി അശ്ലീല വീഡിയോകള്‍ കാണാറുണ്ടായിരുന്നുവെന്നാണ് കൗണ്‍സിലിംഗില്‍ വ്യക്തമായത്.
വിദേശത്ത് അച്ഛനൊപ്പം കഴിയുമ്പോൾ കുട്ടി അശ്ലീലവിഡീയോ കാണുന്നത് കണ്ടുപിടിച്ചു. ഈ സമയം രക്ഷപ്പെടാന്‍ അമ്മ പീഡിപ്പിച്ചുവെന്ന പരാതി ഉന്നയിച്ചുവെന്നാണ് കണ്ടെത്തല്‍. മകന്‍റെ വ്യാജ മൊഴിയുടെ അടിസ്ഥാനത്തില്‍ ഒരു മാസം യുവതിക്ക് ജയിലില്‍ കിടക്കേണ്ടി വന്നു. ഹൈക്കോടതി അമ്മയ്ക്ക് ജാമ്യം അനുവദിച്ചപ്പോള്‍ ഒരു വനിത ഐ പി എസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ തുടരന്വേഷണം നടത്താന്‍ കോടതി നിര്‍ദേശിച്ചു.
എട്ട് ഡോക്‌ടര്‍മാര്‍ അടങ്ങുന്ന സംഘം 12 ദിവസം ആശുപത്രിയില്‍ പാര്‍പ്പിച്ച് കുട്ടിയെ പരിശോധിച്ചു. മാനസികാരോഗ്യ വിദഗ്ദ്ധര്‍ ഉള്‍പ്പെടുന്ന സംഘമാണ് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കിയത്. ശാസ്ത്രീയ പരിശോധനയില്‍ കുട്ടി പറയുന്നത് വിശ്വാസ യോഗ്യമല്ലെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്.