കണ്ണൂര്‍ സര്‍വകലാശാല സിലബസിലെ കാവിവല്‍ക്കരണം സര്‍ക്കാരിന്റെ അറിവോടെയെന്ന് സുധാകരന്‍

Web Desk

കണ്ണൂര്‍ സര്‍വകലാശാല സിലബസിലെ കാവിവല്‍ക്കരണം സര്‍ക്കാരിന്റെ അറിവോടെയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. സര്‍വകലാശാല പി.ജി സിലബസില്‍ ഗോള്‍വാള്‍ക്കറെ പഠിക്കണമെന്ന് തീരുമാനിച്ചത് ഉന്നതവിദ്യാഭ്യാസ മന്ത്രി അറിഞ്ഞാണെന്നാണ് സുധാകരന്‍ പറഞ്ഞത്. വിദ്യാഭ്യാസ മന്ത്രിയും സിന്‍ഡിക്കേറ്റ് അംഗങ്ങളും അറിഞ്ഞെടുത്ത തീരുമാനമാണിത്. ബി.ജെ.പി -സി.പി.ഐ.എം ധാരണയുടെ ഒടുവിലത്തെ ഉദാഹരണമാണിതെന്നും സുധാകരന്‍ പറഞ്ഞു. രണ്ടാം പിണറായി സര്‍ക്കാരിന് കാരണം ബി.ജെ.പിയാണ്. ഇടതുപക്ഷത്തെ കുരുക്കിലാക്കുന്ന ഒരവസരവും ബി.ജെ.പി വിനിയോഗിക്കുന്നില്ല. അന്വേഷണ ഏജന്‍സികള്‍ തലങ്ങും വിലങ്ങും കയറി ഇറങ്ങിയിട്ടും ഒരു തൂവല്‍ പോലും ഇളകിയില്ല.
എന്തിന്റെ ഉറപ്പിലാണ് പിണറായി നില്‍ക്കുന്നതെന്ന് ഊഹിക്കാവുന്നതാണ്. ലാവ്‌ലിന്‍ കേസ് 20 തവണ മാറ്റിവച്ചത് ജഡ്ജിമാര്‍ മാത്രം വിചാരിച്ചിട്ടല്ലെന്നും ഭരണകൂടത്തിന്റെ ഇടപെടല്‍ ഉണ്ടെന്നും സുധാകരന്‍ ആരോപിച്ചു.

സി.പി.ഐ.എം -ബി.ജെ.പി കൂട്ടുകെട്ടാണ് കോണ്‍ഗ്രസിന്റെ എതിരാളിയെന്നും സുധാകരന്‍ പറഞ്ഞു. തിരുവനന്തപുരം ഡി.സി.സിയില്‍ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുധാകരന്‍.
സിലബസ് വിവാദത്തില്‍ വിമര്‍ശനവുമായി മുസ്‌ലിം ലീഗ് നേതാവ് എം.കെ.മുനീറും രംഗത്തെത്തി. സര്‍വകലാശാല വേണ്ടത്ര പഠനം നടത്താതെയാണ് തീരുമാനമെടുത്തതെന്ന് മുനീര്‍ ആരോപിച്ചു.
ഹിന്ദുത്വവാദികളായ നേതാക്കള്‍ക്ക് പ്രാധാന്യം നല്‍കിയതാണ് പ്രശ്‌നം. ആര്‍.എസ്.എസ് അനുകൂല സിലബസായി മാറുമോ എന്ന് ഭയപ്പെടുന്നുവെന്നും മുനീര്‍ ആരോപിച്ചു.

error: Content is protected !!