ദ്വീപ് ജനതയുടെ കരിദിനത്തില്‍ പങ്കുചേര്‍ന്ന് ഐഷ സുല്‍ത്താന

News Desk

അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേലിന്റെ സന്ദര്‍ശനത്തിനെതിരെ സമ്പൂര്‍ണ്ണ കരിദിനം ആചരിക്കുന്ന ദ്വീപ് ജനതയുടെ പോരാട്ടത്തില്‍ പങ്കുചേര്‍ന്ന് ലക്ഷദ്വീപ് സമരനായികയും സംവിധായികയുമായ ഐഷ സുല്‍ത്താന. ഇനി ഞങ്ങള്‍, ലക്ഷദ്വീപിലെ ജനങ്ങള്‍ ഫാസിസത്തെ സഹിക്കില്ലെന്നും ഏകാധിപത്യ നയങ്ങള്‍ക്കെതിരെ നിലകൊള്ളും എന്നും ഐഷ ഫേസ്ബുക്കിലൂടെ പറഞ്ഞു.

‘ലക്ഷദ്വീപിലെ ഈ ഉപരോധത്തെ ഞങ്ങള്‍ അതിജീവിക്കും. ഇനി ഞങ്ങള്‍, ലക്ഷദ്വീപിലെ ജനങ്ങള്‍ ഫാസിസത്തെ സഹിക്കില്ല. ഏകാധിപത്യ നയങ്ങള്‍ക്കെതിരെ ഞങ്ങള്‍ നിലകൊള്ളും. ഇന്ന് ലക്ഷദ്വീപ് സ്വദേശികള്‍ക്ക് ഒരു കറുത്ത ദിനമാണ്. അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ ലക്ഷദ്വീപിലെത്തിയതിനെതിരെ ഞങ്ങള്‍ പ്രതിഷേധിക്കുന്നു, ഫാസിസം വിവേചനം കാണിക്കാന്‍ ശ്രമിക്കുന്നിടത്തോളം കാലം തന്റെ ശബ്ദം ഒരിക്കലും അടിച്ചമര്‍ത്താന്‍ കഴിയില്ലെന്നും ഐഷ ഫേസ്ബുക്കില്‍ എഴുതി.

സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിലാണ് വീടുകളില്‍ പ്രഫുല്‍ പട്ടേലിനെതിരെ കരിദിനം ആചരിക്കുന്നത്. ചരിത്രദിനത്തിനായി തയ്യാറെടുക്കാം, നമ്മള്‍ അതിജീവിക്കും, ഒറ്റക്കെട്ടായി നമുക്ക് മുന്നേറാം എന്നീ മുദ്രാവാക്യങ്ങളോടെയാണ് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ കരിദിനമായി ആചരിക്കണമെന്ന് ലക്ഷദ്വീപ് സേവ് ഫോറം ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നത്. കരിദിനത്തിന്റെ ഭാഗമായി വീടുകളില്‍ കറുത്ത കൊടികള്‍ കെട്ടിയിട്ടുണ്ട്. കറുത്ത വസ്ത്രവും മാസ്‌കും ബാഡ്ജും ധരിച്ച്, പ്ലക്കാര്‍ഡുകളേന്തിയാണ് ആളുകള്‍ വീടുകള്‍ക്ക് മുന്‍പില്‍ നില്‍ക്കുന്നത്. ഗോ പട്ടേല്‍ ഗോ മുദ്രാവാക്യങ്ങളും ആളുകള്‍ വിളിക്കുന്നുണ്ട്.

ഇന്ന് രാത്രി കൃത്യം 9 മണിക്ക് ലക്ഷദ്വീപിലെ എല്ലാ വീടുകളിലും വിളക്കണച്ച് മെഴുകുതിരി കത്തിച്ച് പ്ലേറ്റും ചിരട്ടയും കൊട്ടി ‘ഗോ പട്ടേല്‍ ഗോ’ എന്ന മുദ്രാവാക്യം മുഴക്കി പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്. പ്രതിഷേധങ്ങളെല്ലാം വീടിനകത്തും പരിസരത്തും മാത്രമായിരിക്കണമെന്നും കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചിരിക്കണമെന്നും പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

error: Content is protected !!