
Web Desk
പ്രസവത്തിനും അനുബന്ധ ചികിത്സയ്ക്കും പരിചരണത്തിനും മാത്രമായുള്ള ഇഖ്റ മെറ്റേണിറ്റി ഹോസ്‌പിറ്റൽ വാഴക്കാട് പ്രവർത്തനമാരംഭിച്ചു. അനാഥ അഗതി സംരക്ഷണത്തിനും വിദ്യാഭ്യാസ മേഖലയിലും കഴിഞ്ഞ നൂറു വർഷമായി മലബാറിലുള്ള ജെഡിടി ഇസ്ലാം ഓർഫനേജിന്റെ ആരോഗ്യ രംഗത്തുള്ള കാൽവെപ്പാണ് ഇഖ്റ ആശുപത്രി. ഇഖ്റ കമ്മ്യൂണിറ്റി ഹോസ്പിറ്റലിന്റെ ഭാഗമായി ആരംഭിച്ച ഇഖ്റ മെറ്റേണിറ്റി ഹോസ്‌പിറ്റലിന്റെ ഉദ്ഘാടനം മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിച്ചു. ജെ.ഡി.ടി ഇസ്ലാം ഓർഫനേജ് പ്രസിഡൻറ് സി. പി കുഞ്ഞിമുഹമ്മദ് അധ്യക്ഷനായി. ഫാർമസിയുടെ ഉദ്ഘാടനം ടി .വി ഇബ്രാഹിം എംഎൽഎ നിർവഹിച്ചു. ഇ. ടി മുഹമ്മദ് ബഷീർ എം പി മുഖ്യാതിഥിയായിരുന്നു. വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മലയിൽ മുഹമ്മദ് മാസ്റ്റർ, ജില്ലാ പഞ്ചായത്ത് അംഗം സുഭദ്ര, വാർഡ് മെമ്പർ ഷമീന സലീം, എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.പി .സി അൻവർ എന്നിവർ സംബന്ധിച്ചു. കുറഞ്ഞ നിരക്കിൽ വളരെ മികച്ച ചികിത്സ സാധാരണക്കാരിൽ എത്തിക്കുകയാണ് ഇഖ്റ മെറ്റേണിറ്റിയുടെ ലക്ഷ്യമെന്ന് മാനേജ്മെൻറ് അറിയിച്ചു. പ്രസവത്തിനും അനുബന്ധ ചികിത്സയ്ക്കുമുള്ള പ്രദേശത്തെ ആദ്യത്തെ കേന്ദ്രമാണ് ഇഖ്റ മെറ്റേണിറ്റി ഹോസ്‌പിറ്റൽ.