കോഴിക്കോട്ടും വയനാട്ടിലും മഴക്കെടുതിയിൽ വ്യാപക നാശനഷ്‌ടം;അടുത്ത മണിക്കൂറുകളിൽ രണ്ട് ജില്ലകളിലും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

കോഴിക്കോട്: മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള കോഴിക്കോട്, വയനാട് ജില്ലകളിൽ മഴക്കെടുതിയിൽ കനത്ത നാശനഷ്ടങ്ങൾ. അടുത്ത മണിക്കൂറുകളിൽ രണ്ട് ജില്ലകളിലും ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

കോഴിക്കോട് മലയോര മേഖലയിൽ വ്യാപക നാശനഷ്ടമുണ്ടായി. പുഴകളിൽ ജലനിരപ്പ് ഉയരുകയാണ്. കോടഞ്ചേരി ചെമ്പുകടവ് പാലത്തിൽ വെള്ളം കയറി. അടിവാരം കൈതപ്പൊയ്യിൽ വീടുകളിൽ വെള്ളം കയറി. ചെമ്പുകടവ് ഭാഗത്തെ ആദിവാസി കുടുംബങ്ങൾ അപകടഭീഷണിയിലാണ്.

വയനാട് മേപ്പാടി മുണ്ടക്കൈയിൽ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലുമുണ്ടായി. വയനാട് പുത്തുമല കാശ്‌മീർ ദ്വീപിൽ താമസിക്കുന്ന ചില കുടുംബങ്ങളെ ക്യാമ്പുകളിലേയ്ക്ക് മാറ്റി. ബാണാസുര സാഗർ അണക്കെട്ടിൽ ജലനിരപ്പ് 772.50 മീറ്റർ ഉയർന്നതിനാൽ മേഖലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 15 സെന്റിമീറ്റർ കൂടി ഉയർന്നാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലെ മൂന്ന് സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. വെള്ളാർമല വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ, പുത്തുമല യു പി സ്‌കൂൾ, മുണ്ടക്കൈ യു പി സ്‌കൂൾ എന്നിവയ്ക്കാണ് അവധി പ്രഖ്യാപിച്ചത്.വടക്കൻ ചത്തീസ്‌ഗഡിന് മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നു. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യൂനമർദപാത്തിയും സ്ഥിതിചെയ്യുന്നുണ്ട്. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ വ്യാപക മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. ഇന്ന് മലപ്പുറം, കോഴിക്കോട്,വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

error: Content is protected !!