വിസ വാഗ്ദാനം ചെയ്ത് 25 ലക്ഷം തട്ടി; ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പോലീസ് പിടികൂടി.

Local News

വിസ വാഗ്ദാനം ചെയ്ത് 25 ലക്ഷം തട്ടിയ കേസിൽ മുക്കത്ത് ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പോലീസ് പിടികൂടി. ആലപ്പുഴ സ്വദേശി റോണി തോമസി (40) നെയാണ് കോട്ടയം ഗാന്ധിനഗർ പോലീസ് കോഴിക്കോട് മുക്കത്ത് നിന്ന് പിടികൂടിയത്. ഗാന്ധിനഗർ സ്വദേശി റോയ് നൽകിയ പരാതിയെ തുടർന്നാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. റോയിയുടെ മകന്റെ ഭാര്യക്ക് കുവൈത്തിൽ വിസ വാഗ്ദാനം ചെയ്താണ് ഇയാൾ 25 ലക്ഷം രൂപ തട്ടിയെടുത്തത്. കഴിഞ്ഞ ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. സമാനമായ രീതിയിൽ റാന്നിയിലും ഇയാൾ തട്ടിപ്പ് തടത്തിയതായി പരാതിയുണ്ടെന്ന് പോലീസ് പറഞ്ഞു.

കൊല്ലം സ്വദേശിനിയായ സ്ത്രീയ്ക്കൊപ്പമാണ് ഇയാൾ മുക്കം വെസ്റ്റ്മാമ്പറ്റയിലെ വാടക വീട്ടിൽ താമസിച്ചിരുന്നത്. താൻ പ്രവാസിയായിരുന്നെന്നും കൂടെയുള്ള സ്ത്രീ സ്വന്തം ഭാര്യയാണെന്നുമാണ് ഇയാൾ അയൽവാസികളെ ധരിപ്പിച്ചിരുന്നത്.
കൂടെയുണ്ടായിരുന്ന സ്ത്രീ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുകയായിരുന്നു. നാല് മാസത്തോളം ഇവിടെ വാടകയ്ക്ക് താമസിച്ചിരുന്ന പ്രതി അയൽവാസികളുമായി അടുപ്പം പുലർത്തിയിരുന്നില്ല. ചങ്ങനാശ്ശേരിയിലും മറ്റും ഒളിവിൽ കഴിഞ്ഞ ശേഷമാണ് പ്രതി മുക്കത്തെത്തിയത്. ആറു മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്.

ഗാന്ധി നഗർ സ്റ്റേഷനിലെ അഡീഷണൽ എസ്.ഐ അരവിന്ദ് കുമാർ, എ.എസ്.ഐ രാജേഷ് ഖന്ന, സിവിൽ പോലീസ് ഓഫീസർ പ്രവീൺ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ സാഹസികമായി പിടികൂടിയത്.

error: Content is protected !!