‘തിരുമ്മു ചികിത്സയ്‌ക്കിടെ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു’: വയനാട്ടിൽ വിദേശ വനിതയെ പീഡിപ്പിച്ചെന്ന് പരാതി

മാനന്തവാടി∙ വയനാട് തിരുനെല്ലിയിൽ വിദേശ വനിതയെ റിസോർട്ട് ജീവനക്കാരൻ പീഡിപ്പിച്ചതായി പരാതി. നെതർലൻഡ്സ് സ്വദേശിയായ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. വയനാട് സന്ദർശിക്കാനായി എത്തിയ ഇരുപത്തിയഞ്ചുകാരിക്കു നേരെയാണ് അതിക്രമം നടന്നത്. തിരുമ്മു ചികിത്സയ്ക്കിടെ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചതായും ലൈംഗികാതിക്രമം നടത്തിയതായും പരാതിയിൽ പറയുന്നു.

കഴിഞ്ഞ ഡിസംബർ ആദ്യമാണ് ഓൺലൈൻ ബുക്കിങ് വഴി യുവതി തിരുനെല്ലിയിലെ റിസോർട്ടിൽ എത്തിയത്. നെതർലൻഡ്സിൽ തിരിച്ചെത്തിയ ശേഷം എഡിജിപിക്ക് ഇ മെയിൽ വഴി പരാതി അയയ്ക്കുകയായിരുന്നു. ഈ മാസം പതിനാലിനാണു പരാതി നൽകിയത്. ഇന്ത്യയിൽ പരാതി നൽകേണ്ട നടപടിക്രമങ്ങൾ അറിയാത്തതിനാലാണ് പരാതി നൽകാൻ വൈകിയതെന്നാണ് യുവതി പറയുന്നത്. പരാതി ലഭിച്ച് ഒരാഴ്ചയോളമായിട്ടും നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് വിവിധ സംഘടനകൾ രംഗത്തെത്തി.

എന്നാൽ സംഭവത്തിൽ വീഴ്ചയില്ലെന്ന് പൊലീസ് അറിയിച്ചു. കേസെടുത്തെങ്കിലും നൽകിയ പരാതിയിൽ പൂർണമായ വിവരങ്ങൾ ഇല്ലാത്തതിനാലാണ് മറ്റു നടപടികളിലേക്കു കടക്കാൻ സാധിക്കാത്തതെന്നും പൊലീസ് അറിയിച്ചു.

error: Content is protected !!