
Local News
ചാത്തമംഗലം പഞ്ചായത്തിലെ മുന്നൂരിൽ നിപ ബാധിച്ച് മരിച്ച മുഹമ്മദ് ഹാഷിമിൻ്റെ വീട് സ്ഥിതി ചെയ്യുന്ന മൂന്ന് കിലോമീറ്റർ ചുറ്റളവിലെ മുഴുവൻ പ്രദേശങ്ങളും കണ്ടയിൻമെൻ്റ് സോണായി ജില്ലാ കലക്ടർ പ്രഖ്യാപിച്ചു. ഇതിൽ മുക്കം നഗരസഭ, കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലെ പ്രദേശങ്ങളും ഉൾപ്പെടും. ഇതിനെതുടർന്ന് കൊടിയത്തൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ അടിയന്തിര യോഗം ചേർന്നു. സംസ്ഥാന പാതയിലും ചെറുവാടി- തേനങ്ങാപറമ്പ് റോഡിലും പൊലിസ് കർശന പരിശോധന നടത്തും. നെല്ലിക്കാപറമ്പ് ക്വാറിയിലേക്കുള്ള റോഡ്, മുക്കം റോഡിലെ സുലൈമാൻ പാലം, മിനി പഞ്ചാബ്- മുക്കം റോഡ്, കാരാളിപറമ്പ്- തേനങ്ങാപറമ്പ് റോഡ്, മണാശേരി- പുൽപ്പറമ്പ് റോഡ് എന്നിവ ബാരിക്കേഡുകൾ വെച്ച് അടച്ചു. കണ്ടയിൻമെൻ്റ് സോൺ പരിധിയിലുള്ള ആളുകൾക്ക് മറ്റു സ്ഥലങ്ങളിലേക്ക് പോവാനോ മറ്റുള്ളവർക്ക് ഇവിടേയ്ക്ക് വരാനോ അനുവാദമില്ല.
ഭഷ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെ തുറക്കാം. മെഡിക്കൽ ഷോപ്പുകൾക്കും ആരോഗ്യ കേന്ദ്രങ്ങൾക്കും സമയപരിധി ഇല്ലാതെ പ്രവർത്തിക്കാം. ബാങ്ക്, മറ്റു സ്ഥാപനങ്ങൾ, ഓഫിസുകൾ ഒന്നും തുറക്കാൻ അനുവാദമില്ല. യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ഷംലൂലത്ത്, മെഡിക്കൽ ഓഫിസർ ഡോ. മനുലാൽ, പഞ്ചായത്ത് അംഗങ്ങളായ ഫസൽ കൊടിയത്തൂർ, ടി.കെ അബൂബക്കർ, താമരശേരി ഡിവൈ.എസ്.പി കെ. അഷ്‌റഫ്, മുക്കം ഇൻസ്പെക്ടർ കെ.പി അഭിലാഷ് പങ്കെടുത്തു.