ആനയെ കാണാന്‍ പോകുകയാണ്, പറ്റിയാല്‍ ഒരാനയെ വാങ്ങിയിട്ടേ തിരികേ വരൂ; നാടുവിട്ട വിദ്യാർത്ഥികളെ കണ്ടെത്തി

Web Desk

ആനയെ കാണാന്‍ നാടുവിട്ടു പോയ വിദ്യാര്‍ത്ഥികളെ രണ്ട് ഒരു ദിവസത്തിനുശേഷം കണ്ടെത്തി.ചൊവ്വാഴ്ച്ച സ്കൂളില്‍ പോയതിന് ശേഷമാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ പതിനാലുകാരെ കാണാതാകുന്നത്.
‘ആനയെ കാണാന്‍ പോകുകയാണ്, പറ്റിയാല്‍ ഒരാനയെ വാങ്ങിയിട്ടേ തിരികേ വരൂ’ എന്ന് കത്തെഴുതി വെച്ചാണ് വിദ്യാര്‍ത്ഥികള്‍ പുറപ്പെട്ടത്. കരിമണ്ണൂരില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥികളെ കോടനാട് ആനപരിശീലന കേന്ദ്രത്തിനു സമീപത്തു നിന്ന് കോടനാട് പൊലീസ് കണ്ടെത്തി കസ്റ്റഡിയില്‍ എടുത്തു.

ക്ലാസില്‍ കയറാതെ ആനയെ കാണാന്‍ പോയതിന് അധ്യാപകന്‍ വിദ്യാര്‍ത്ഥികളെ ശകാരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കുട്ടികള്‍ നാടുവിട്ടു പോയത്. ക്ലാസില്‍ കയറാതിരുന്നതിന് രക്ഷിതാക്കളെ വിളിപ്പിക്കുമെന്ന് ഭയന്ന് നാടുവിടുകയായിരുന്നു.വീട്ടില്‍ നിന്നിറങ്ങിയ കുട്ടികള്‍ സ്കൂളില്‍ കയറാതെ സമീപ പ്രദേശത്ത് ഉണ്ടായിരുന്ന ആനയെ കാണാന്‍ പോയി. ഇതറിഞ്ഞ അധ്യാപകന്‍ സ്കൂളില്‍ വരാതിരുന്ന വിവരം വീട്ടില്‍ വിളിച്ചറിയിക്കുമെന്ന് പറഞ്ഞു. ആനയെ കാണാന്‍ പോയ വിവരം അറിഞ്ഞാല്‍ അച്ഛന്‍ തല്ലുമെന്നും അതിനാല്‍ നാടുവിട്ടു പോകുകയാണെന്നും കുട്ടികളില്‍ ഒരാള്‍ സുഹൃത്തിന് വാട്സ്‌ ആപ്പ് സന്ദേശവും അയച്ചിരുന്നു. ഇതിനൊപ്പം സുഹൃത്തിന്റെ വീട്ടില്‍ ഏല്‍പിച്ച നോട്ട്ബുക്കില്‍ കത്തും എഴുതിവെച്ചായിരുന്നു പോയത്.

error: Content is protected !!