
newsdesk
ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആവേശത്തിൽ വയനാട് ലോക്സഭാ, ചേലക്കര നിയമസഭാ മണ്ഡലങ്ങൾ. പോളിങ് ബൂത്തുകളിലെ വോട്ടർമാരുടെ നീണ്ടനിരയിലാണ് എൽഡിഎഫ്, യുഡിഫ്, എൻഡിഎ മുന്നണികളുടെ പ്രതീക്ഷ. ലോക്സഭാ തിരഞ്ഞെടുപ്പിൽ ജയിച്ച മണ്ഡലം രാഹുൽ ഗാന്ധി ഒഴിഞ്ഞതിനാലാണു വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ്. ആദ്യമായി ജനവിധി തേടുന്ന മത്സരമായതിനാൽ പ്രിയങ്ക ഗാന്ധി മണ്ഡലത്തിലെ വിവിധ ബൂത്തുകൾ സന്ദർശിക്കുന്നുണ്ട്. എംഎൽഎയായിരുന്ന കെ. രാധാകൃഷ്ണൻ ലോക്സഭയിലേക്കു ജയിച്ചതിനാലാണു ചേലക്കര പുതിയ ജനപ്രതിനിധിയെ തിരഞ്ഞെടുക്കുന്നത്. കൽപ്പാത്തി രഥോത്സവം പരിഗണിച്ചു മാറ്റിവച്ചതിനാൽ പാലക്കാട് 20നാണ് വോട്ടെടുപ്പ്.
ജാർഖണ്ഡ് നിയമസഭയിലേക്കുള്ള ഒന്നാംഘട്ട വോട്ടെടുപ്പും ഇന്നാണ്; 43 മണ്ഡലങ്ങളിലാണ് പോളിങ്. മറ്റു സംസ്ഥാനങ്ങളിലും ഉപതിരഞ്ഞെടുപ്പുണ്ട്: അസം (5 മണ്ഡലങ്ങൾ), ബിഹാർ (4), ഛത്തീസ്ഗഡ് (1), ഗുജറാത്ത് (1), കർണാടക (3), മധ്യപ്രദേശ് (2), മേഘാലയ (1), രാജസ്ഥാൻ (7), സിക്കിം (2), ബംഗാൾ (6). തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ രാഷ്ട്രീയ പരീക്ഷണമായ ‘ജൻ സുരാജ് പാർട്ടി’ ആദ്യമായി ജനവിധി തേടുന്ന തിരഞ്ഞെടുപ്പാണ് ബിഹാറിലേത്. വോട്ടെണ്ണൽ 23ന്.