ഗർഭാശയഗള കാൻസർ പ്രതിരോധം; സംസ്ഥാനത്തെ പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥിനികൾക്ക് എച്ച്പിവി വാക്‌സിനേഷൻ നൽകും

തിരുവനന്തപുരം: സംസ്ഥാനത്ത് ഗർഭാശയഗള കാൻസർ (സെർവിക്കൽ കാൻസർ) പ്രതിരോധത്തിനായി വിദ്യാർത്ഥിനികൾക്ക് എച്ച്പിവി വാക്‌സിനേഷൻ നൽകാനൊരുങ്ങുന്നു. കേരളാ കാൻസർ കെയർ ബോർഡ് കേരളത്തിലെ പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികളിൽ എച്ച്.പി.വി. വാക്‌സിൻ നല്കാൻ ശുപാർശ ചെയ്തതായി ആരോ​ഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. എച്ച്.പിവി വാക്‌സിനേഷൻ സംബന്ധിച്ച കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനും ആവശ്യമായ മാർഗനിർദ്ദേശങ്ങൾ ലഭിക്കുന്നതിനുമായി സർക്കാർ ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചു.

മുഖ്യമന്ത്രിയുടെ നിർദേശാനുസരണം ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ നിരവധി തവണ ആരോഗ്യ വിദഗ്ധരുടേയും ടെക്‌നിക്കൽ കമ്മിറ്റിയുടേയും യോഗം ചേർന്നാണ് വാക്‌സിനേഷൻ പദ്ധതിക്ക് അന്തിമ രൂപം നൽകിയത്. പൈലറ്റ് അടിസ്ഥാനത്തിൽ കണ്ണൂർ ജില്ലയിലാണ് ആദ്യം പദ്ധതി നടപ്പിലാക്കുന്നത്.

ഇന്ത്യയിൽ സ്ത്രീകളിൽ കണ്ടു വരുന്ന രണ്ടാമത്തെ പ്രധാനപ്പെട്ട അർബുദമാണ് ഗർഭാശയഗള അർബുദം. അർബുദ അനുബന്ധ മരണ നിരക്കുകൾ ഉയർത്തുന്നതിന് ഈ അർബുദം ഒരു പ്രധാന കാരണമാണ്. വരും തലമുറയെ ഈ രോഗത്തിൽ നിന്നും രക്ഷിക്കുന്നതിന് എച്ച്.പി.വി വാക്സിൻ എല്ലാ പെൺകുട്ടികളും സ്വീകരിക്കുന്നത് നല്ലതാണെന്നും ആരോ​ഗ്യ മന്ത്രി വ്യക്തമാക്കി.

error: Content is protected !!