ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സാങ്കേതിക മാമാങ്കത്തിന് എൻ.ഐ.ടി കാലിക്കറ്റിൽ തിരിതെളിഞ്ഞു; ‘തത്വ ’26’ സിൽവർ ജൂബിലി പതിപ്പിലേക്ക് ആയിരങ്ങൾ

മുക്കം : ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും വലിയ ടെക്നോ-മാനേജ്‌മെൻ്റ് ഫെസ്റ്റിവലുകളിൽ ഒന്നായ എൻ.ഐ.ടി കാലിക്കറ്റിന്റെ വാർഷിക സാങ്കേതിക മാമാങ്കം ‘തത്വ ’26’ സിൽവർ ജൂബിലി തിളക്കത്തോടെ പ്രൗഢഗംഭീരമായി ആരംഭിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി എൺപതിനായിരത്തിലധികം (80,000) വിദ്യാർത്ഥികളും സന്ദർശകരുമാണ് മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഈ സാങ്കേതിക വസന്തത്തിന് സാക്ഷ്യം വഹിക്കാൻ കാമ്പസിലേക്ക് ഒഴുകിയെത്തുന്നത്.

സാങ്കേതികവിദ്യയുടെയും മാനേജ്‌മെൻ്റ് മികവിന്റെയും പുത്തൻ സാധ്യതകൾ പരിചയപ്പെടുത്തുന്ന നിരവധി പരിപാടികളാണ് ഫെസ്റ്റിവലിൽ അണിയറയിൽ ഒരുങ്ങിയിരിക്കുന്നത്.

ആദ്യദിനത്തിൽ തന്നെ റോബോട്ടിക്സ് പ്രേമികളെ ആവേശത്തിലാഴ്ത്തിയ വീറും വാശിയും നിറഞ്ഞ ‘റോബോ വാർ’ കാണികളുടെ വൻ ശ്രദ്ധ പിടിച്ചുപറ്റി.

കാണികളിൽ വലിയ കൗതുകവും ആശ്ചര്യവും ഉണർത്താൻ കേരളത്തിലാദ്യമായി ഒരു കാമ്പസിൽ സംഘടിപ്പിക്കുന്ന അതിഗംഭീരമായ ‘ഡ്രോൺ ഷോ’ നാളെ നടക്കും

ഒപ്പം, വാഹനപ്രേമികളെയും സന്ദർശകരെയും ഒരുപോലെ അത്ഭുതപ്പെടുത്തി കാമ്പസിൽ നടന്ന സൂപ്പർ കാറുകളുടെ ഓട്ടോ ഷോ മേളയിലെ പ്രധാന ആകർഷണമായി മാറി. മെഴ്‌സിഡസ് ബെൻസ് S400, 1.65 കോടിയിലധികം വിലമതിക്കുന്ന പോർഷെ 911 കരേര ,പോർഷെ പനമേര തുടങ്ങി ഒന്നര കോടി രൂപയിലേറെ മൂല്യമുള്ള നിരവധി ആഡംബര കാറുകളാണ് ഓട്ടോ ഷോയിൽ പ്രദർശിപ്പിച്ചത്.

സാങ്കേതിക-മാനേജ്‌മെൻ്റ് മത്സരങ്ങൾ, സംരംഭകത്വ ശിൽപശാലകൾ, വിദ്യാർത്ഥികൾക്ക് ഏറെ ഉപകാരപ്രദമായ ടെക്നിക്കൽ എക്സിബിഷനുകൾ, വർണ്ണാഭമായ സാംസ്കാരിക പരിപാടികൾ എന്നിവ വരും ദിവസങ്ങളിലും തുടരുമെന്ന് സംഘാടകർ അറിയിച്ചു.

സോഹോ എച്ച്.ആർ ലീഡർ ചാൾസ് ഗോഡ്‌വിൻ, റെക്കാ ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി പ്രശാന്ത് പിള്ള, എൻ.ഐ.ടി ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ എന്നിവരുടെ സാന്നിധ്യത്തിലാണ് ചടങ്ങുകൾക്ക് തുടക്കമായത്. ആഘോഷങ്ങൾ മൂന്ന് ദിവസങ്ങളിലായി തുടരും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!