വെള്ളക്കെട്ടിൽ മുങ്ങി നഗരം; നിപ നിയന്ത്രണങ്ങൾ കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ കോഴിക്കോട് നഗരത്തിൽ ആളുകളെ കാത്തിരിക്കുന്നത് ചെളിയും വെള്ളക്കെട്ടുകളുമുള്ള റോഡുകൾ ; കണ്ണടച്ച് കോർപ്പറേഷൻ

newsdesk

കോഴിക്കോട് : നിപ നിയന്ത്രണങ്ങൾ കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ കോഴിക്കോട് നഗരത്തിൽ ആളുകളെ കാത്തിരിക്കുന്നത് ചെളിയും വെള്ളക്കെട്ടുകളുമുള്ള റോഡുകളുമാണ്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ നഗരത്തിലെ പല പ്രധാന റോഡുകളിൽ പലയിടങ്ങളിലും വെള്ളം നിറഞ്ഞതോടെ കാൽനടയാത്രക്കാരും വാഹനയാത്രക്കാരും ഒരുപോലെ ദുരിതത്തിലായിരിക്കുകയാണ്. മാനാഞ്ചിറിലെ സ്‌പോർട്സ് കൗൺസിൽ ഹാളിന് സമീപം

എൽ.ഐ.സി റോഡിൽ രൂപപ്പെട്ട വെള്ളക്കെട്ട് പലപ്പോഴും ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്. റോഡിലെ ഓട്ടോ പാർക്കിംഗും വെള്ളക്കെട്ടിൽപെട്ട് വലയുകയാണ്. ഈ വെള്ളക്കെട്ട് കടന്നാൽ മാത്രമേ മിഠായിത്തെരുവിലേക്ക് പ്രവേശിക്കാൻകഴിയൂ എന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. നിപ നിയന്ത്രണങ്ങൾ ഒഴിവായി തെരുവിലെ വ്യാപാരം പൂർവ സ്ഥിതിയിലേക്ക് വരുമ്പോഴാണിത്. കോർപ്പറേഷനിൽ ഉൾപ്പടെ പലതവണ പരാതി നൽകിയെങ്കിലും ഇതുവരെ നടപടികൾ ഒന്നും ഉണ്ടായിട്ടില്ല. നഗരത്തിന്റെ ഹൃദയ ഭാഗത്താണ് ആളുകൾ ഈ ദുരിതമനുഭവിക്കേണ്ടി വരുന്നത്. ഓവുചാൽ വൃത്തിയാക്കാത്തതിനാലാണ് വെള്ളക്കെട്ട് രൂപപ്പെടുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞ വർഷങ്ങളിലും ഇതേ സ്ഥലത്ത് വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. അന്നും കോർപ്പറേഷൻ ഭാഗത്ത് നിന്ന് നടപടികൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഇവിടെ താത്കാലിക നടപടിയല്ല ശാശ്വത പരിഹാരമാണ് ആവശ്യം. മഴക്കാലമാണെന്ന് അറിഞ്ഞിട്ടും പിന്നെയും രൂപപ്പെടുന്ന വെള്ളക്കെട്ടിന് ഇത്തവണയെങ്കിലും പരിഹാരം കാണാൻ അധികാരികൾ തയ്യാറാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കോഴിക്കോട് നഗരത്തിലെ മുഴുവൻ വെള്ളവും ഓടകളിലൂടെ ഒഴുകിയെത്തേണ്ടത് കനോലി കനാലിലേക്കാണ്. എന്നാൽ ഓടകളിലെ തടസ്സങ്ങൾ പൂർണ്ണമായും നീക്കം ചെയ്യാൻ ഇതുവരെയും കഴിഞ്ഞിട്ടുമില്ല. ലക്ഷങ്ങൾ ചെലവഴിച്ച് ഓടകൾ നവീകരിച്ചിട്ടും വെള്ളക്കെട്ടിന് മാറ്റമുണ്ടായിട്ടില്ല.മാനാഞ്ചിറയിലും മിഠായിത്തെരുവിലും മാത്രമല്ല നഗരത്തിലെ മറ്റ് പല പ്രധാന റോഡുകളുടെ അവസ്ഥയും മറ്റൊന്നല്ല. പാളയം, കണ്ണൂർ റോഡ്, വയനാട് റോഡ് എന്നവിടങ്ങളിലും സമാനമായ അവസ്ഥയാണ് നിലവിലുള്ളത്. റോഡുകളുടെ ശോചനീയാവസ്ഥയും പല ഭാഗങ്ങളിലായി ടാർ അടർന്ന് രൂപപ്പെട്ടിട്ടുള്ള കുഴികളും വെള്ളക്കെട്ടിന് കാരണമാവുന്നുണ്ട്. ദിവസേന നിരവധി വാഹനങ്ങൾ കടന്നുപോകുന്ന ഈ റോഡുകൾ യാത്രക്കാരെയും ബുദ്ധമുട്ടിക്കുകയാണ്.
വെള്ളക്കെട്ട് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്നത് യാഥാർത്ഥ്യമാണ്. കോർപ്പറേഷൻ ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കുന്നു.ഇത് പരിഹരിക്കുന്നതിനായി ചർച്ചകൾ നടക്കുന്നുണ്ട്. ഇനിയും ജനങ്ങളെ ബുദ്ധിമുട്ടിക്കില്ല. പരിഹാരം ഉടനുണ്ടാവുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്

error: Content is protected !!