
newsdesk
കോഴിക്കോട്: റെയില്‍വേ സ്റ്റേഷനിലേക്കുള്ള വാഹനങ്ങളുടെ പ്രവേശനം ഡിസംബർ 10 മുതല്‍ പുനഃക്രമീകരിക്കുന്നു. ആനിഹാള്‍ റോഡ് ജങ്ഷന് സമീപമുള്ള എ.ടി.എം.കൗണ്ടർ കെട്ടിടത്തിന്റെ വശത്തുകൂടിയായിരിക്കും സ്വകാര്യവാഹനങ്ങള്‍ക്ക് പ്രവേശനം. സ്റ്റേഷൻ കെട്ടിടത്തിന്റെ തെക്കുകിഴക്കെ ഭാഗത്ത് (സംഗം തിയേറ്ററിനുസമീപം) കൂടിയായിരിക്കും പുറത്തേക്കുള്ള വഴി.
ഇപ്പോഴുള്ള പ്രധാനകവാടം അടയ്ക്കും. ഓട്ടോറിക്ഷകള്‍ക്ക് നിലവിലെ പ്രീപെയ്ഡ് കൗണ്ടറിനു സമീപമുള്ള കവാടം തന്നെയായിരിക്കും. ബുധനാഴ്ച കളക്ടറുടെ അധ്യക്ഷതയില്‍ റെയില്‍വേ എൻജിനിയർമാർ, കോർപ്പറേഷൻ എൻജിനിയർമാർ, പൊതുമരാമത്ത് റോഡ്സ് വിഭാഗം എൻജിനിയർമാർ, പോലീസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
ഗതാഗതക്കുരുക്ക് രൂക്ഷമാകും
നടപടിക്രമങ്ങള്‍ പൂർത്തീകരിക്കാതെ റെയില്‍വേ സ്റ്റേഷനിലേക്കുള്ള പ്രധാനവഴി അടയ്ക്കുന്നത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കും. പുതിയ ക്രമീകരണം നടപ്പാക്കാൻ ഒരാഴ്ചമാത്രമാണ് ബാക്കിയുള്ളത്. ഇതിനിടെ ആനിഹാള്‍ റോഡില്‍ അഴുക്കുചാല്‍ അറ്റകുറ്റപ്പണി ആരംഭിച്ചിട്ടുണ്ട്.
ഈ റോഡില്‍ അഴുക്കുചാല്‍ അറ്റകുറ്റപ്പണികൂടി നടക്കുന്നത് ഈ ഭാഗത്ത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കും. സംഗം തിയേറ്ററിനും ആനിഹാള്‍ റോഡ് ജങ്ഷനും ഇടയിലുള്ള ആല്‍മരത്തോട് ചേർന്നാണ് പുറത്തേക്കുള്ള വഴി. ഇവിടെയും കുരുക്കുണ്ടാക്കും. ഈ ഭാഗത്ത് വേണ്ടത്ര വെളിച്ചമില്ലാത്തത് പലതരത്തിലുള്ള പ്രശ്നങ്ങള്‍ക്കും വഴിയൊരുക്കുമെന്ന് പോലീസ് ആശങ്കപ്പെടുന്നുണ്ട്.
പ്രീപെയ്ഡ് കൗണ്ടറിനു സമീപം ഓട്ടോറിക്ഷകള്‍ക്കായി ഒരുക്കിയിട്ടുള്ള സ്ഥലവും വളരെ പരിമിതമാണ്. ഒന്നിലേറെ ട്രെയിനുകള്‍ ഒരേസമയംവരുന്ന ഘട്ടങ്ങളില്‍ ഇവിടെ എത്തിച്ചേരുന്ന ഓട്ടോറിക്ഷകള്‍ക്ക് നിർത്താൻ ഈ സ്ഥലം മതിയാകില്ല.