കോഴിക്കോട് മെഡിക്കൽ കോളേജിൽ കാൻസർ പരിശോധന ഫലം വൈകുന്നു; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കോഴിക്കോട്: മെഡിക്കൽ കോളേജ് പാത്തോളജി ലാബിൽ നിന്ന് കാൻസർ പരിശോധന ഫലം യഥാസമയം ലഭിക്കുന്നില്ലെന്ന വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. സ്വമേധയാ എടുത്ത കേസിൽ കമ്മീഷൻ ആശുപത്രി സൂപ്രണ്ടിന് നോട്ടീസയച്ചു. 15 ദിവസത്തിനകം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. ഫെബ്രുവരി 20 ന് നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കുമെന്നും കമ്മീഷൻ അറിയിച്ചു. കാന്‍സര്‍ രോഗനിര്‍ണ്ണയം അനന്തമായി വൈകുന്നത് മൂലം രോഗി മരിച്ചുപോകുമെന്ന അവസ്ഥയിലാണ്. എന്നാൽപ്പോലും റിപ്പോര്‍ട്ട് കിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. മാസങ്ങള്‍ വൈകി ഫലം ലഭിക്കുമ്പോഴേക്കും രോഗം ഉയര്‍ന്ന സ്റ്റേജിലെത്തുന്നതാണ് രോഗികളുടെ അനുഭവം.

മെഡിക്കൽ കോളേജിലെ പത്തോളജി ലാബിനുമുന്നിൽ കാത്തിരിക്കുന്നവരിലേറെയും മൂന്നിലേറെ തവണ വന്നവരാണ്. 5 ദിവസം കൊണ്ട് കിട്ടേണ്ട പരിശോധനഫലം പലർക്കും 3 മാസം വരെയെടുക്കുന്നു. വൈകുന്നുണ്ടെന്ന് സമ്മതിക്കുന്ന ആശുപത്രിയുടെ വിശദീകരണം ടെസ്റ്റുകളുടെ എണ്ണം കൂടുന്നത് കൊണ്ടെന്നാണ്. മാസം മൂവായിത്തോളം പരിശോധനയാണ് നടത്തേണ്ടി വരുന്നതെന്നും ആശുപത്രി അധികൃതർ പറയുന്നു. എത്ര നേരത്തെ ചികിത്സ തുടങ്ങുന്നോ അതിജീവനത്തിന് അത്രയും സാധ്യതയുള്ള അസുഖമാണ് കാൻസർ. എന്നാലിത് വൈകുന്നതോടെ രോ​ഗികളുടെ അതിജീവനത്തിനുള്ള സാധ്യതയും കുറയുകയാണ്.

error: Content is protected !!