വിവാഹിതരെന്ന് യുവതി, അല്ലെന്ന് ബിനോയ് കോടിയേരി; കേസ് മാറ്റിവച്ചു

Web Desk

പീഡനക്കേസ് ഒത്തുതീർപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരിയും ബിഹാർ സ്വദേശിയായ യുവതിയും നൽകിയ അപേക്ഷ പരിഗണിക്കുന്നത് ബോംബെ ഹൈക്കോടതി മാറ്റിവച്ചു. ബുധനാഴ്ച ബിനോയിയുടെ അഭിഭാഷകനു ഹാജരാകാൻ സാധിക്കാത്തതിനെ തുടർന്നാണിത്. എന്നാൽ, വിവാഹവുമായി ബന്ധപ്പെട്ട വിഷയത്തിൽ കൃത്യമായ മറുപടി തയാറാക്കുന്നത് നീണ്ടതാണ് അഭിഭാഷകൻ ഹാജരാകാതിരുന്നതിനു കാരണമെന്നാണു സൂചന.

കഴിഞ്ഞദിവസം കേസ് പരിഗണിച്ചപ്പോൾ വിവാഹിതരാണോ എന്ന ചോദ്യത്തിനു യുവതി അതെ എന്നും ബിനോയ് അല്ല എന്നുമാണു മറുപടി നൽകിയത്. കുട്ടിയുടെ ഭാവിയെക്കുറിച്ചു ചോദിച്ചപ്പോഴും വ്യക്തമായ ഉത്തരമുണ്ടായില്ല. ബുധനാഴ്ച വിശദവും കൃത്യവുമായ മറുപടി സമർപ്പിക്കാൻ കോടതി ആവശ്യപ്പെടുകയായിരുന്നു.2019 ജൂണിലാണ് ബിനോയിക്കെതിരെ ആരോപണവുമായി മുംബൈ പൊലീസിൽ യുവതി പരാതി നൽകിയത്. വിവാഹ വാഗ്ദാനം നൽകി വർഷങ്ങളോളം പീഡിപ്പിച്ചെന്നും ആ ബന്ധത്തിൽ മകനുണ്ടെന്നുമാണ് ആരോപണം. ദുബായിൽ ഡാൻസ് ബാറിൽ ജോലി ചെയ്യുമ്പോൾ അവിടെ സ്ഥിരം സന്ദർശകനായിരുന്ന ബിനോയ് പരിചയപ്പെട്ടു. ജോലി ഉപേക്ഷിച്ചാൽ വിവാഹം ചെയ്യാമെന്നു വാഗ്ദാനം ചെയ്തു. ബിനോയിയുടെ വീട്ടിൽ പോകാറുണ്ടായിരുന്നു. 2009 നവംബറിൽ ഗർഭിണിയായി. തുടർന്ന് മുംബൈയിലേക്ക് തിരിച്ചു. വിവാഹം കഴിക്കാമെന്ന് തന്റെ മാതാവിനോടും സഹോദരിയോടും ബിനോയ് ഉറപ്പു പറഞ്ഞു.

error: Content is protected !!