മുക്കുപണ്ട തട്ടിപ്പില്‍ ആരോപണം നേരിട്ടയാള്‍ തീവണ്ടിക്ക് മുന്നില്‍ ചാടി ജീവനൊടുക്കി

Local News

തീവണ്ടി തട്ടി പരിക്കേറ്റനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അപ്രൈസര്‍ മരിച്ചു. കൊടിയത്തൂര്‍ ഗ്രാമീണ്‍ ബാങ്ക് ശാഖയിലെ അപ്രൈസര്‍ തട്ടാന്‍ മോഹനനാണ് മരിച്ചത്. കൊടിയത്തൂര്‍ ഗ്രാമീണ്‍ ബാങ്കിലെ മുക്കുപണ്ട പണയതട്ടിപ്പില്‍ അപ്രൈസര്‍ക്കെതിരേയും ആരോപണമുയര്‍ന്നിരുന്നു. വ്യാഴാഴ്ച രാവിലെ 11 മണിയോടെ കോഴിക്കോട്ടുവെച്ച് മോഹനന്‍ തീവണ്ടിക്ക് മുന്നിലേക്ക് ചാടി ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. പരിക്കേറ്റനിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ടോടെ മരിച്ചു. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

മുക്കുപണ്ടയം പണയംവെച്ച് കൊടിയത്തൂര്‍ ഗ്രാമീണ്‍ ബാങ്ക് ശാഖയില്‍നിന്ന് 24.26 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ നേരത്തെ പോലീസ് കേസെടുത്തിരുന്നു. ദളിത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയായിരുന്ന വിഷ്ണു കയ്യൂണുമ്മല്‍, മാട്ടുമുറിക്കല്‍ സന്തോഷ്‌കുമാര്‍, സന്തോഷിന്റെ ഭാര്യ ഷൈനി, കൊടിയത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന ബാബു പൊലുകുന്നത് തുടങ്ങിയവരായിരുന്നു കേസിലെ പ്രതികള്‍. ഈ കേസിലാണ് ബാങ്കിലെ അപ്രൈസറായ മോഹനനെതിരേയും ആരോപണമുയര്‍ന്നിരുന്നത്.

പെരുമണ്ണ സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയംവെക്കുന്നതിനിടെയാണ് വിഷ്ണുവും സന്തോഷ്‌കുമാറും പിടിയിലായത്. ഇതിനുപിന്നാലെയാണ് നാലംഗസംഘം മുക്കുപണ്ടം പണയംവെച്ച് 32 ലക്ഷം രൂപയോളം തട്ടിയെടുത്തതായി കണ്ടെത്തിയത്. കൊടിയത്തൂര്‍ ഗ്രാമീണ്‍ ബാങ്ക് ശാഖയില്‍നിന്ന് 24.26 ലക്ഷം രൂപയും കാര്‍ഷിക-ഗ്രാമവികസന ബാങ്കിന്റെ അഗസ്ത്യന്‍മുഴി ശാഖയില്‍നിന്ന് 7.2 ലക്ഷം രൂപയുമാണ് മുക്കുപണ്ടം പണയപ്പെടുത്തി ഇവര്‍ കൈക്കലാക്കിയത്.

error: Content is protected !!