
Web Desk
സെപ്തംബർ 6 മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാനൊരുങ്ങി അസം. പ്ലസ് ടൂ, അവസാന വർഷ ഡിഗ്രി, പിജി ക്ലാസുകളാണ് തുറക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഒന്ന് മുതൽ 11 വരെയുള്ള ക്ലാസുകളും ഡിഗ്രി ക്ലാസുകളിലെ ആദ്യ ഏഴ് സെമസ്റ്ററുകളും പിജി ആദ്യ വർഷ ക്ലാസുകളും ഓൺലൈനായി തന്നെ തുടരും.
കഴിഞ്ഞ ദിവസം, തെലങ്കാനയിൽ സ്കൂളുകൾ തുറക്കാനുള്ള തീരുമാനത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. സെപ്തംബർ 1 മുതൽ സംസ്ഥാനത്ത് സ്കൂളുകൾ തുറക്കാനായിരുന്നു തെലങ്കാന സർക്കാരിൻ്റെ തീരുമാനം. എന്നാൽ, ഇപ്പോൾ സ്കൂളുകൾ തുറക്കേണ്ടതിൻ്റെ ആവശ്യകതയില്ലെന്ന് ഹൈക്കോടതിയുടെ രണ്ടംഗ ബെഞ്ച് നിരീക്ഷിച്ചു.
ഓഗസ്റ്റ് 25 നാണ് എൽ കെ ജി മുതൽ പ്ലസ് ടു വരെയുള്ള എല്ലാ ക്ലാസുകൾ വിവിധ ഘട്ടങ്ങളിലായി തുറക്കാൻ സംസ്ഥാന സർക്കാർ നിർദ്ദേശം നൽകിയത്. 2020 മാർച്ചിൽ ലോക്ക്ഡൗണിനെ തുടർന്നാണ് സംസ്ഥാനത്തെ സ്കൂളുകൾ അടച്ചത്. ഒന്നര വർഷം അടച്ചിട്ടതിനു ശേഷം അടുത്ത മാസം ഒന്നാം തീയതി മുതൽ ക്ലാസുകൾ തുറക്കാനായിരുന്നു നിർദ്ദേശം. ഈ നിർദ്ദേശത്തെയാണ് ഹൈക്കോടതി റദ്ദാക്കിയത്.
വിഷയത്തിൽ ഒക്ടോബർ നാലിനു മുൻപ് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന സർക്കാരിനോട് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. ക്ലാസുകളിൽ എത്തണമെന്ന് ഒരു വിദ്യാർത്ഥിയെയും നിർബന്ധിക്കാൻ പാടില്ലെന്നും കോടതി പറഞ്ഞു. ഓഫ്‌ലൈൻ ക്ലാസുകൾ നടത്താത്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കാൻ പാടില്ല. ഓൺലൈൻ ക്ലാസുകൾ തുടരണോ ഓഫ്‌ലൈൻ ക്ലാസുകൾ തുടങ്ങണോ എന്നത് സ്ഥാപനങ്ങളുടെ താത്പര്യമാണ് എന്നും കോടതി പറഞ്ഞു.
സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുന്നത് പരിഗണനയിലെന്ന് കേരള സർക്കാരും അറിയിച്ചു. സ്കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രായോഗികത പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് പ്രൊജക്ട് റിപ്പോർട്ട് തയാറാകുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
മുഖ്യമന്ത്രിയുമായി ചർച്ച നടത്തി വിദഗ്ധ സമിതി റിപ്പോർട്ടും പ്രൊജക്ട് റിപ്പോർട്ടും കൈമാറും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉന്നതതല സമിതി തീരുമാനമെടുക്കുമെന്നും സ്കൂളുകൾ തുറക്കാമെന്ന അഭിപ്രായമാണ് വിദഗ്ധർ മുന്നോട്ടുവച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.