
newsdesk
ഏഷ്യൻ ഗെയിംസിൽ മലയാളികൾക്ക് അഭിമാനമായി വെള്ളിമെഡൽ നേടിയ വിദർശ വിനോദിന് പിന്നാലെ റൈഫിൾ ഷൂട്ടിങ്ങിലേക്ക് താൽപര്യമേറുന്നവരും നിരവധി. ഇത്തരത്തിൽ ഷൂട്ടിങ്ങിനോട് താൽപര്യമുള്ള വിദ്യാർത്ഥികൾക്ക് കൃത്യമായ പരിശീലനം നൽകുകയാണ് കോഴിക്കോട് കാലിക്കറ്റ് റൈഫിൾ ക്ലബ്.
പുതുതലമുറയുടെ ഷൂട്ടിംഗ് സ്വപ്നങ്ങൾക്ക് കരുത്തേകുന്ന പരിശീലനകേന്ദ്രത്തിന്റെ പറയാനുണ്ട് ഒരുപാട് വിശേഷങ്ങൾ.
കോഴിക്കോട് തൊണ്ടയാട് പ്രവർത്തിക്കുന്ന പരിശീലനകേന്ദ്രത്തിൽ സ്കൂൾ വിദ്യാർത്ഥികൾ മുതൽ മുതിർന്നവർ വരെ പരിശീലനം നേടുന്നുണ്ട്.ഏഷ്യൻ ഗെയിംസിൽ വെള്ളിമെഡൽ നേടിയ വിദർശ ഉൾപ്പെടെ നിരവധി താരങ്ങളുടെ ഷൂട്ടിംഗ് പരിശീലനത്തിന്റെ ആദ്യപാഠങ്ങളും ഇവിടെ നിന്നാണ് തുടങ്ങിയത്.
പരിശീലനത്തിനെത്തുന്നവരുടെ സൗകര്യം കണക്കിലെടുത്ത് രാവിലെയും വൈകുന്നേരവും പരിശീലന സെഷനുകൾ ക്രമീകരിച്ചിട്ടുണ്ട്.
ലക്ഷ്യത്തിലേക്ക് തോക്ക് ഉയർത്തുമ്പോൾ കണ്ണും കൈയും മനസ്സും ഒരേ ലക്ഷ്യത്തിൽ.
ഓരോ ഷോട്ടും കൃത്യമായി ലക്ഷ്യത്തിലെത്തിക്കാൻ തുടർച്ചയായ പരിശീലനമാണ് ഇവിടെ നൽകുന്നത്.
എവിടേക്കാണ് ലക്ഷ്യം വെക്കേണ്ടത്… എത്ര കൃത്യതയോടെ ഷോട്ട് എടുക്കണം… തുടങ്ങി പരിശീലനത്തിന്റെ ഓരോ ഘട്ടവും മനസ്സിലാക്കാൻ ഇലക്ട്രോണിക് ട്രെയിനിംഗ് സംവിധാനവും ഇവിടെ ഉപയോഗിക്കുന്നു.ക്ലാസ് കഴിഞ്ഞാൽ നേരെ പരിശീലനകേന്ദ്രത്തിലേക്ക് എത്തുന്ന വിദ്യാർത്ഥികളും ഏറെയാണ്.
റൈഫിൾ ഷൂട്ടിംഗ് പഠിക്കണം,മത്സരങ്ങളിൽ പങ്കെടുക്കണം,മെഡൽ നേടണം, എന്ന സ്വപ്നങ്ങളുമായാണ് പലരും ഇവിടെ എത്തുന്നത്.
പരിശീലന സമയത്ത് ചുറ്റുമുള്ളതൊന്നും ഇവരുടെ ശ്രദ്ധ തെറ്റിക്കില്ല.
കണ്ണുകൾ ലക്ഷ്യത്തിൽ ,കൈകൾ റൈഫിളിൽ,മനസ്സ് അടുത്ത ഷോട്ടിൽ.
വ്യത്യസ്ത ഗണ്ണുകളും പരിശീലന സംവിധാനങ്ങളുമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഓരോ റൈഫിളിനും അതിന്റേതായ പ്രത്യേകതകളും ഉണ്ട്.ഭയമില്ലാതെ റൈഫിൾ കൈയിലെടുത്ത്… ലക്ഷ്യത്തിലേക്ക് കൃത്യമായി ഷോട്ട് പായിക്കുകയാണ് ഓരോ താരവും.
“ഒരു ഷോട്ട്… ഒരു ലക്ഷ്യം… അതിനപ്പുറം ഒരു മെഡൽ സ്വപ്നം.
കോഴിക്കോട് തൊണ്ടയാട്ടെ ഈ പരിശീലനകേന്ദ്രത്തിൽ ഓരോ ദിവസവും പിറക്കുന്നത് കൃത്യതയുടെ പുതിയ പാഠങ്ങളാണ്.