
NEWSDESK
പേരാമ്പ്ര ∙ അനു വധക്കേസ് തെളിവെടുപ്പിനിടെ വാളൂരിൽ ജനം അക്രമാസക്തരായി, പൊലീസ് വാഹനം തടഞ്ഞു കല്ലേറും ആക്രമണവും; പ്രതിയെ രക്ഷപ്പെടുത്തി പൊലീസ്. വാളൂരിലെ കുറങ്കൊടി മീത്തൽ അനുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കൊണ്ടോട്ടി കാവുങ്ങൽ ചെറുപറമ്പ് കോളനിയിൽ നമ്പിലത്ത് മുജീബ് റഹ്മാനെ (49) കസ്റ്റഡിയിൽ വാങ്ങിയ അന്വേഷണ സംഘം ചോദ്യം ചെയ്യലിന് ശേഷം ഇന്നലെ വൈകിട്ട് വാളൂരിലെ വിവിധയിങ്ങളിൽ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണു ജനം പ്രകോപിതരായത്.പ്രതിയെ വാഹനത്തിൽ നിന്ന് ഇറക്കിയതോടെ ക്ഷുഭിതരായ ജനം അസഭ്യം പറഞ്ഞു. ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തതോടെ പൊലീസ് പ്രതിയെ വാഹനത്തിൽ തിരികെക്കയറ്റി.
ഇതിനിടെ, ശക്തമായ കല്ലേറും ആക്രമണവും നടന്നു. തുടർന്നു പൊലീസ് പ്രതിയെ കയറ്റിയ വാഹനവുമായി പോയി. കൊലപാതകം നടത്തിയ അള്ളിയോറ താഴെ തോട്ടിലെ പാലത്തിന് സമീപവും രാവിലെ മുതൽ ജനം തടിച്ചുകൂടിയിരുന്നു. നേരത്തെ പേരാമ്പ്ര പൊലീസ് ഇൻസ്പെക്ടർ എം.എം.സന്തോഷിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ ജനങ്ങളുമായി സംസാരിച്ചിരുന്നു. സംയമനം പാലിക്കുമെന്ന് നാട്ടുകാർ ഉറപ്പ് നൽകിയിരുന്നെങ്കിലും പുറമേ നിന്ന് എത്തിയവർ പ്രകോപിതരായതോടെയാണു പ്രശ്നം വഷളായത്.അനുവിനെ വാഹനത്തിൽ കയറ്റിയ സ്ഥലത്ത് എത്തിയ പ്രതി മുജീബ് റഹ്മാൻ അവിടെ നടന്ന സംഭവങ്ങളും തുടർന്ന് അള്ളിയോറതാഴെ തോട് വരെ എത്തിയതിനിടെയുണ്ടായ കാര്യങ്ങളും വിശദീകരിച്ചു. തോടിന് സമീപം എത്തിച്ച പ്രതി കൃത്യം നടത്തിയ സ്ഥലം ചൂണ്ടിക്കാണിച്ചപ്പോഴേക്കും നാട്ടുകാർ രോഷാകുലരായി.
മുഖംമൂടി ഇടീപ്പിച്ച് എത്തിച്ച പ്രതിയുടെ മുഖം കാണണമെന്നായിരുന്നു ജനത്തിന്റെ ആവശ്യം. സ്ത്രീകൾ അടക്കമുള്ള നൂറുകണക്കിനു നാട്ടുകാരും പുറമേ നിന്ന് എത്തിയവരും പ്രതിക്കെതിരെ തിരിഞ്ഞതോടെ പൊലീസ് പ്രതി മുജീബ് റഹ്മാനെ കൊണ്ടുപോയി. വാളൂർ അള്ളിയോറതാഴെ പാലം മുതൽ മുളിയങ്ങൽ റോഡ് വരെ ജനം പൊലീസ് വാഹനത്തിന് പിന്നാലെ കല്ലും വടിയുമായി പിൻതുടർന്നു. മുളിയങ്ങൽ നടുക്കണ്ടി പാറ റോഡിലെ ഇടുങ്ങിയ വളവും തിരിവുമുള്ള റോഡിലൂടെ പ്രയാസപ്പെട്ടാണ് പ്രതിയുമായി എത്തിയ പൊലീസിന്റെ വലിയ ബസ് കടന്നു പോയത്.
കഴിഞ്ഞ ദിവസം പ്രതിയെ കോടതിയിൽ ഹാജരാക്കിയപ്പോൾ പൊലീസ് ആക്രമിച്ചെന്നു പ്രതി പറഞ്ഞതിനെ തുടർന്ന് ദിവസവും വൈദ്യ പരിശോധന നടത്തണമെന്നു കോടതി നിർദേശിച്ചിരുന്നു. ഇന്നലെയും കാലത്ത് വൈദ്യ പരിശോധനയ്ക്ക് ശേഷമാണ് തെളിവെടുപ്പിന് എത്തിച്ചത്. ഉച്ചയോടെ തന്നെ വാളൂരിലും പരിസരങ്ങളിലും വൻ പൊലീസ് സന്നാഹം തയാറായിരുന്നു. പ്രതിയെ പിടികൂടിയ ദിവസം മുതൽ വാളൂരും പരിസരവും പൊലീസ് നിരീക്ഷണത്തിലായിരുന്നു. പൊലീസ് കസ്റ്റഡിയിൽ വാങ്ങിയ മുജീബ് റഹ്മാനെ ഇന്ന് ഉച്ചയോടെ പേരാമ്പ്ര ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കും.