
newsdesk
കൊടുവള്ളി∙ അധികം അമ്പരപ്പില്ലാതെ ആണ് അന്നൂസ് റോഷൻ മോചനത്തിനു ശേഷം കൊടുവള്ളി പൊലീസ് സ്റ്റേഷനിൽ മാധ്യമങ്ങൾക്ക് മുൻപിൽ എത്തിയത്. തട്ടിക്കൊണ്ടുപോയ സംഘം ശാരീരികമായി ഉപദ്രവിച്ചില്ല, സംഘത്തിലുണ്ടായിരുന്നവരെ പരിചയമില്ല. കൃത്യമായി ഭക്ഷണവും മാറാനുള്ള വസ്ത്രങ്ങളും തന്നിരുന്നുവെന്നും മാധ്യമങ്ങളോട് അന്നൂസ് റോഷൻ പറഞ്ഞു. കൊണ്ടുപോയ സ്ഥങ്ങളെക്കുറിച്ച് കൃത്യമായ ബോധ്യമില്ല. തട്ടിക്കൊണ്ടുപോകുമ്പോൾ 6 പേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. തിരിച്ചുവരുമ്പോൾ 2 പേരും. ഇടയ്ക്ക് ഉറങ്ങിപ്പോയ സമയത്താണ് ഈ 2 പേരും വഴിയിൽ ഇറങ്ങിയതെന്നും അന്നൂസ് പറഞ്ഞു. ജ്യേഷ്ഠനുമായുള്ള സാമ്പത്തിക തർക്കത്തെ കുറിച്ചൊന്നും തട്ടിക്കൊണ്ടുപോയവർ തന്നോട്ട് ചോദിച്ചില്ലെന്നും കേസിനെ ബാധിക്കും എന്നതിനാൽ പൊലീസിന്റെ നിർദേശമുള്ളതിനാൽ കൂടുതൽ വിവരങ്ങൾ പറയാനാകില്ലെന്നും അന്നൂസ് റോഷൻ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ടുള്ള 2 കേസുകളിലായി 3 പേരാണ് ഇതുവരെ അറസ്റ്റിലായത്. നേരത്തേ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയ കൊടുവള്ളി സ്വദേശിയും തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച സ്കൂട്ടറിന്റെ ഉടമയും സുഹൃത്തുമാണത്. തട്ടിക്കൊണ്ടു പോകലിന് നേതൃത്വം നൽകിയവരും ആറംഗ ക്വട്ടേഷൻ സംഘവും അടക്കം പത്തോളം പ്രതികൾ ഇപ്പോഴും കാണാമറയത്താണ്. മുഖ്യപ്രതികളെന്ന് സംശയിക്കുന്ന കൊണ്ടോട്ടി സ്വദേശികളായ ഷബീർ, ജാഫർ, നിയാസ് എന്നിവരുടെ ഫോട്ടോ പൊലീസ് പുറത്തുവിട്ടിരുന്നു. ഇവർ ക്വട്ടേഷൻ സംഘത്തെ വച്ചാണ് തട്ടിക്കൊണ്ടുപോകലിലെ ഓരോ ഘട്ടങ്ങളും നടത്തിയതെന്നാണ് സൂചന. അജ്മൽ റോഷനുമായുള്ള സാമ്പത്തിക തർക്കത്തിൽ നേരിട്ട് പങ്കാളികളായവരെയും ക്വട്ടേഷൻ സംഘത്തെയും വലയിലാക്കുകയെന്ന വലിയ ദൗത്യം ഇനിയും അന്വേഷണ സംഘത്തിന് മുന്നിലുണ്ട്.