
NEWSDESK
താമരശ്ശേരി∙ അധ്യാപിക അലീന ബെന്നിയുടെ ആത്മഹത്യയ്ക്ക് കോർപറേറ്റ് മാനേജ്മെന്റും സർക്കാരും ഉത്തരവാദികളാണെന്നും കുടുംബത്തിന്റെ അഭിപ്രായവും ലഭിച്ച തെളിവുകളും ഇത് സാധൂകരിക്കുന്നതായും യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി. അലീന ബെന്നിയുടെ മാതാപിതാക്കൾക്ക് നീതി ഉറപ്പാകും വരെ കൂടെയുണ്ടാവുമെന്നും യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി വി.ആർ.കാവ്യ പറഞ്ഞു. ജില്ലാ സെക്രട്ടറി എം.പി.സി.ജംഷിദ് ആധ്യക്ഷ്യം വഹിച്ചു. വി.കെ. ഇറാഷ്, അൻഷാദ് മലയിൽ ,ജിബിൻ മാനുവൽ, ജസീർ അലി എന്നിവർ നേതൃത്വം നൽകി.
പ്രതിഷേധ സംഗമം
മുക്കം∙ നിയമനാംഗീകാരം ലഭിക്കാത്ത സാഹചര്യത്തിൽ അധ്യാപിക ജീവനൊടുക്കിയ സംഭവത്തിൽ കെപിഎസ്ടിഎ ഉപജില്ല കമ്മിറ്റി എഇഒ ഓഫിസിന് മുന്നിൽ പ്രതിഷേധ സംഗമം നടത്തി. അധ്യാപികയുടെ നിര്യാണത്തിൽ അനുശോചിച്ചു. പ്രതിഷേധ സംഗമം സംസ്ഥാന കമ്മിറ്റി അംഗം സുധീർകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി പി.സിജു പ്രഭാഷണം നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി ബി.ഷെറീന, ഉപജില്ലാ പ്രസിഡന്റ് ജോളി ജോസഫ്, വിദ്യാഭ്യാസ ജില്ല വൈസ് പ്രസിഡന്റ് സിറിൽ ജോർജ് , ഉപജില്ല ട്രഷറർ ബിൻസ് പി.ജോൺ എന്നിവർ പ്രസംഗിച്ചു.
താമരശ്ശേരി∙ കോടഞ്ചേരി സെന്റ് ജോസഫ്സ് എൽപി സ്കൂൾ അധ്യാപിക കട്ടിപ്പാറ വളവനാനിക്കൽ അലീന ബെന്നിയുടെ ആത്മഹത്യ കേരളത്തിലെ പൊതുസമൂഹത്തിന്റെ മുഖത്തേറ്റ അടിയാണെന്നും ഇതിനു കാരണമായത് ഭരണകൂടത്തിന്റെ അനാസ്ഥയാണെന്നും അധ്യാപികയുടെ വീട് സന്ദർശിച്ച ബിജെപി ജില്ലാ അധ്യക്ഷൻ ദേവദാസ് പറഞ്ഞു. കുറ്റക്കാർക്കെതിരെ മാതൃകാപരമായ നടപടിയെടുക്കാൻ അധികൃതർ തയാറാകണം. യോഗത്തിൽ മണ്ഡലം പ്രസിഡന്റ് ശ്രീവല്ലി ഗണേശ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം രജനീഷ് ബാബു, സംസ്ഥാന കൗൺസിൽ അംഗം ഷാൻ കട്ടിപ്പാറ, മനോജ് വേണാടി, വി.രജീഷ്, വിദ്യാസാഗർ എന്നിവർ പ്രസംഗിച്ചു.
കട്ടിപ്പാറ∙ കോടഞ്ചേരി സെന്റ് ജോസഫ്സ് എൽപി സ്കൂളിലെ അധ്യാപിക അലീന ബെന്നി ആത്മഹത്യ ചെയ്ത സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പഞ്ചായത്ത് കോ ഓർഡിനേഷൻ കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ താമരശ്ശേരി ബ്ലോക്ക് സെക്രട്ടറി ടി.മഹറൂഫ് ഉദ്ഘാടനം ചെയ്തു. എൻ.അഖിൽ അധ്യക്ഷത വഹിച്ചു. അഖിൽ മലയിൽ, മുഹമ്മദ് സിനാൻ, സി.പി.നിസാർ എന്നിവർ പ്രസംഗിച്ചു. കുടുംബത്തിന് നീതി ലഭിക്കാൻ ഡിവൈഎഫ്ഐ ആവശ്യമായ ഇടപെടൽ നടത്തും.
കോഴിക്കോട്∙ 5 വർഷമായി ശമ്പളവും നിയമനാംഗീകാരവും ലഭിക്കാതെ ജീവനൊടുക്കിയ അധ്യാപിക അലീന ബെന്നിയുടെ മരണത്തിൽ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണത്തിന് ഉത്തരവിടണമെന്ന് കാത്തലിക് ലേമെൻസ് അസോസിയേഷൻ. അധ്യാപികയായി നിയമിക്കാൻ 13 ലക്ഷം രൂപ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്ന പരാതി സംബന്ധിച്ച് അന്വേഷിക്കണമെന്ന് അസോസിയേഷൻ കേന്ദ്ര പ്രവർത്തകസമിതി സെക്രട്ടറി മാളിയേക്കൽ എം.എൽ.ജോർജ് പറഞ്ഞു.
കോഴിക്കോട്∙ അധ്യാപിക അലീന ബെന്നി ജീവനൊടുക്കിയ സംഭവത്തിൽ കാരണക്കാരനായ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർക്കെതിരെയും ഫയൽ വൈകിപ്പിച്ച ക്ലർക്കിനെതിരെയും നടപടി വേണമെന്നാവശ്യപ്പെട്ട് ദേശീയ അധ്യാപക പരിഷത്ത് (എൻടിയു) വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി താമരശ്ശേരി ഡിഇഒ ഓഫിസിലേക്ക് മാർച്ച് നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ടി.അനുപ്കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ. ഷാജിമോൻ അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി പി.സതീഷ്കുമാർ പ്രസംഗിച്ചു.