
NEWSDESK
റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന് 20 വർഷം തടവുശിക്ഷ വിധിച്ച് കോടതി. റിയാദ് ക്രിമിനൽ കോടതിയിൽ ഇന്നുരാവിലെ 9.30ന് (സൗദി സമയം) നടന്ന സിറ്റിംഗിലാണ് കേസിൽ തീർപ്പുണ്ടായത്. പൊതു അവകാശം (പബ്ളിക് റൈറ്റ്‌സ്) പ്രകാരം 20 വർഷത്തേയ്ക്കാണ് തടവുശിക്ഷ വിധിച്ചിരിക്കുന്നത്. ഇതുവരെ അനുഭവിച്ച തടവുകാലം കഴിഞ്ഞുള്ള ശിക്ഷ അനുഭവിച്ചാൽ മതിയാകും. 2026 ഡിസംബറിലാണ് കേസ് 20 വർഷം തികയുന്നത്. ഇതുപ്രകാരം റിയാദിലെ ഇസ്‌കാൻ ജയിലിൽ കഴിയുന്ന റഹീം അടുത്തവർഷം ജയിൽ മോചിതനാകും. 19 വർഷമായി ജയിലിൽ കഴിയുകയാണ് റഹീം.
കേസിന്റെ ഓൺലൈൻ സിറ്റിംഗിൽ ജയിലിൽ നിന്ന് റഹീമും പ്രതിഭാഗം അഭിഭാഷകരും ഇന്ത്യൻ എംബസി പ്രതിനിധിയും റഹീമിന്റെ കുടുംബത്തിന്റെ ഔദ്യോഗിക പ്രതിനിധിയായ സിദ്ദിഖ് തുവ്വൂരും പങ്കെടുത്തു. ഈ മാസം അഞ്ചിനായിരുന്നു ഇതിനുമുൻപ് സിറ്റിംഗ് നടന്നത്. യഥാർത്ഥ കേസ് ഡയറി പരിശോധിക്കാൻ കൂടുതൽ സമയം വേണമെന്ന ആവശ്യം പരിഗണിച്ചാണ് അന്ന് കേസ് മാറ്റിവച്ചത്. 1.5 കോടി റിയാൽ (ഏകദേശം 34 കോടി രൂപ) ദയാധനം സ്വീകരിച്ച് വാദിഭാഗം മാപ്പ് നൽകിയതോടെയാണ് റഹീമിന്റെ വധശിക്ഷ ഒൻപത് മാസം മുൻപ് ഒഴിവായത്. എന്നാൽ പബ്ളിക് റൈറ്റ്‌സ് പ്രകാരം കേസ് തീർപ്പാകാത്തതിനാലാണ് ശിക്ഷാവിധി നീണ്ടത്.സൗദി ബാലൻ അനസ് അൽ ശാഹിരി കൊല്ലപ്പെട്ട കേസിൽ 2006 ഡിസംബറിലാണ് അബ്ദുൽ റഹീം ജയിലിലായത്. 2006ൽ ഡ്രൈവറായി ജോലി ലഭിച്ച് റിയാദിലെത്തി ഒരു മാസം തികയും മുൻപാണ് കൊലപാതക കേസിൽ അകപ്പെട്ട് റഹീം ജയിലാകുന്നത്.