20 രൂപയ്ക്ക് ഊൺ; കൂടുതൽ ജനകീയ ഹോട്ടലുകൾ തുടങ്ങാൻ സർക്കാർ നിർദ്ദേശം

Report: News Desk

20 രൂപയ്ക്ക് ഉച്ചയൂൺ നൽകുന്ന ജനകീയ ഹോട്ടലുകൾ ഇനി സംസ്ഥാനത്ത് എവിടെയും തുടങ്ങാം. പ്രാദേശിക ആവശ്യം കണക്കിലെടുത്താണ് പഞ്ചായത്തിൽ ഒരു ഹോട്ടൽ എന്ന പരിധിയില്ലാതെ സാധ്യമായ സ്ഥലത്തെല്ലാം ഹോട്ടൽ തുടങ്ങാൻ സർക്കാർ നിർദേശം നൽകിയത്. പഞ്ചായത്ത് നേരിട്ടു ഹോട്ടൽ തുടങ്ങാത്ത സ്ഥലങ്ങളിൽ കുടുംബശ്രീക്കു തുടങ്ങാം.

തോട്ടം മേഖലയിൽ ജനകീയ ഹോട്ടൽ വഴി 10 രൂപയ്ക്ക് ഉച്ചക്കഞ്ഞി നൽകും. സൗകര്യം കുറവുള്ള സ്ഥലങ്ങളിൽ ഹോട്ടലിന്റെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്കു ഫണ്ട് വകയിരുത്താം. അതിനാവശ്യമായ സാമ്പത്തിക സഹായം, ഊൺ സബ്സിഡി, പെർമിറ്റ് പ്രകാരമുള്ള അരി എന്നീ ആനുകൂല്യങ്ങൾ നൽകും.

ഒരു പഞ്ചായത്തിൽ ഒന്നിലേറെ ഹോട്ടലുകളുണ്ടെങ്കിലും എല്ലാത്തിനും പെർമിറ്റ് നൽകും. പക്ഷേ മേൽപറഞ്ഞ ആനുകൂല്യങ്ങൾ എല്ലാവർക്കും ലഭിക്കില്ല. ‘വിശപ്പുരഹിത കേരളം’ പദ്ധതിയിൽ ഉൾപ്പെടുത്തിയാണു തദ്ദേശ സ്ഥാപനങ്ങളുടെ കീഴിൽ ജനകീയ ഹോട്ടലുകൾ ആരംഭിച്ചത്.

തദ്ദേശ സ്ഥാപനങ്ങൾ നൽകുന്ന സൗകര്യങ്ങൾ ഉപയോഗിച്ച് കുടുംബശ്രീയാണു ഹോട്ടൽ നടത്തിപ്പ്. 1000 ഹോട്ടലുകൾ തുടങ്ങുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും 930 ഹോട്ടലുകളാണു നിലവിലുള്ളത്. ചില പ്രദേശങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളുടെ മെല്ലെപ്പോക്ക് മൂലം ജനകീയ ഹോട്ടൽ ആരംഭിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതു മറികടക്കാനാണു കുടുംബശ്രീക്കു നേരിട്ടു ഹോട്ടൽ തുടങ്ങാൻ അനുമതി നൽകിയിരിക്കുന്നത്.

error: Content is protected !!