ജോലിയിൽ നിന്ന് പിരിച്ചുവിട്ടു; ബെൻസ് കാറുകൾ ജെസിബി കൊണ്ട് തകർത്ത് തൊഴിലാളിയുടെ പ്രതികാരം

Report: Web Desk

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് ആഡംബര വാഹന നിർമാണ കമ്പനിയിലെ 50 പുത്തൻ കാറുകൾ തകർത്ത് തൊഴിലാളിയുടെ പ്രതികാരം. സ്‌പെയിനിലെ വിറ്റോറിയയിലെ മെഴ്‌സിഡസ് പ്ലാൻറിലാണ്​ ഞെട്ടിപ്പിക്കുന്ന ഈ പ്രതികാര സംഭവം അരങ്ങേറിയതെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ പ്ലാന്റിൽ ജോലി ചെയ്തിരുന്ന വ്യക്തിയാണ് പിരിച്ചുവിട്ടതിന്റെ പ്രതികാരം ഇത്തരത്തിൽ തീർത്തത്.

മോഷ്‍ടിച്ച കൂറ്റൻ ജെസിബി ഓടിച്ചെത്തി ബെൻസിന്റെ ഫാക്​ടറിയിൽ കടന്ന 38 കാരനായ തൊഴിലാളി​ പുതുതായി നിർമിച്ച 50 വി ക്ലാസ്​ ആഡംബര വാനുകൾ തകർക്കുകയായിരുന്നു. തകർത്തതിൽ ഏകദേശം ഒരു കോടി രൂപയോളം വില വരുന്ന ബെൻസിന്റെ മുന്തിയ മോഡലായ വി ക്ലാസും ഉൾപ്പെടുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. പ്രൊഡക്ഷൻ ലൈനിൽ നിന്ന്​ പുറത്തു വന്ന്​ ദിവസങ്ങൾ മാത്രമായ പുതുപുത്തൻ വി ക്ലാസുകളാണ്​ നശിപ്പിക്കപ്പെട്ടത്​.

പുലർച്ചെ ഒരു മണിയോടെ ആയിരുന്നു സംഭവം നടന്നത്​. മോഷ്​ടിച്ച കാറ്റർപില്ലർ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചായിരുന്നു ഇയാളുടെ അതിക്രമം. നിർത്തിയിട്ടിരുന്ന കാറുകൾ മണ്ണുമാന്തിയുടെ യന്ത്രക്കൈ ഉപയോഗിച്ച്​ ഇയാൾ അടിച്ചു തകർക്കുകയായിരുന്നു. സുരക്ഷാ ജീവനക്കാരും അറ്റകുറ്റപ്പണിക്കാരും അടങ്ങുന്ന കുറച്ചു തൊഴിലാളികൾ മാത്രമാണ്​ ഈ സമയം ഫാക്​ടറിയിൽ ഉണ്ടായിരുന്നത്​. അതുകൊണ്ടു തന്നെ ആർക്കും പരിക്കില്ലെന്ന് സ്പാനിഷ് ഓട്ടോ ജേണലായ പീരിയോഡിസ്മോ ഡെൽ മോട്ടോർ റിപ്പോർട്ട് ചെയ്യുന്നു. സ്​പെയിനിലെ ഏറ്റവും വലിയ രണ്ടാമത്തെ ബെൻസ്​ നിർമാണശാലയാണ്​ വിറ്റോറിയയിലേത്​.

ജോലി സംബന്ധമായി കമ്പനിയുമായി ഉണ്ടായിരുന്ന പ്രശ്‌നമാണ് ആക്രമണത്തിന് കരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇയാൾ 2016-17 കാലഘട്ടത്തിൽ ഈ പ്ലാന്റിൽ ജോലി ചെയ്തിട്ടുണ്ടെന്നും പിന്നീട് ജോലിയിൽ നിന്ന് പിരിച്ചുവിടുകയായിരുന്നു എന്നുമാണ് പൊലീസ് പറയുന്നത്. പുതുവർഷത്തിന്റെ തലേന്നാണ്​ തൊഴിലാളിയെ പിരിച്ചുവിട്ടതെന്ന്​ സ്പെയിനിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നു. പൊലീസ് എത്തി ആകാശത്തേക്ക്​ വെടിവച്ച ശേഷമാണ്​ അക്രമിയെ കീഴടക്കിയത്​. ജെസിബി മോഷ്ടിച്ചതിനും പ്ലാന്റിൽ നാശനഷ്ടമുണ്ടാക്കിയതിനും തൊഴിലാളിയെ അറസ്റ്റ് ചെയ്‍തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. 50 കാറുകൾ‌ പൂർണമായോ ഭാഗികമായോ തകർന്നതായി ഫാക്​ടറി അധികൃതർ പറയുന്നു. ഏകദേശം 44 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായാണ് കണക്കാക്കുന്നത്.

error: Content is protected !!