ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം സംഭവിച്ചു

Local News

കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും മാവൂർ കൽപള്ളി മേഖലയിൽ വ്യാപക നാശനഷ്ടം സംഭവിച്ചു. വീടിന് മുകളിൽ മരങ്ങൾ വീണും, മേൽകൂര പറന്നു പോയുമാണ് നഷ്ടം സംഭവിച്ചത്. കൂടാതെ വ്യാപക കൃഷിനാശവും സംഭവിച്ചിട്ടുണ്ട്.
കൽപ്പള്ളി വേലാട്ടിൽ ഗഫൂറിൻ്റെ വീടിന് മുകളിലാണ് തെങ്ങും കവുങ്ങും വീണത്. വീടിൻ്റെ സൺ സൈഡ് പൊട്ടുകയും ചുമരിന് വിള്ളൽ വരുകയും ചെയ്തിട്ടുണ്ട്. കൂടാതെ വാട്ടർ ടാങ്കും തകർന്നിട്ടുണ്ട്. തൊട്ടടുത്തു തന്നെയുള്ള പൂത്തോട്ടത്തിൽ അഷ്റഫിൻ്റെ വീടിനും കേടുപാടുകൾ സംഭവിച്ചു. വീടിൻ്റെ മേൽക്കൂരയിലെ ഓടുകൾ കാറ്റിൽ പറന്നു പോയി. മുറ്റത്ത് നിർത്തിയ കാറിൻ്റെ പിറകിലെ ഗ്ലാസും ഓടു വീണ് തകർന്നു.

മാവൂർ കോഴിക്കോട് റോഡിൽ കാര്യാട്ട് റേഷൻ കടക്ക് എതിർവശത്ത് മാവ് മുറിഞ്ഞ് റോഡിലേക്ക് വീണ് ഏറെ നേരം ഗതാഗതവും തടസപ്പെട്ടു . മാവൂർ പോലീസും വെള്ളിമാട്കുന്നിൽ നിന്നും എത്തിയ ഒരു ഫയർ യൂനിറ്റും ചേർന്ന് JCB യുടെ സഹായത്താൽ മരം റോഡിൽ നിന്നും നീക്കിയാണ് ഗതാഗതം പുനസ്ഥാപിച്ചത് .

error: Content is protected !!