പ്രകടനപത്രിക തയ്യാറാക്കുന്നതിനു മുന്നോടിയായി മതനേതാക്കളുടെയും വ്യവസായികളുടെയും സാംസ്കാരിക സാമൂഹിക പ്രവർത്തകരുടെയും അഭിപ്രായംതേടി യു.ഡി.എഫ്

Report: News Desk

കോഴിക്കോട് : പ്രകടനപത്രിക തയ്യാറാക്കുന്നതിനു മുന്നോടിയായി മതനേതാക്കളുടെയും വ്യവസായികളുടെയും സാംസ്കാരിക സാമൂഹിക പ്രവർത്തകരുടെയും അഭിപ്രായംതേടി യു.ഡി.എഫ്. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധമേഖകലളിൽ നിന്നുള്ളവരുടെ യോഗം പ്രകടനപത്രിക സമിതി ചെയർമാൻ ബെന്നി ബെഹനാൻ, കൺവീനർ സി.പി.ജോൺ, ഡോ. എം.കെ. മുനീർ എം.എൽ.എ. എന്നിവരുടെ നേതൃത്വത്തിലാണ്‌ കോഴിക്കോട്ട് വിളിച്ചുചേർത്തത്‌.ജമാഅത്തെ ഇസ്‌ലാമി, ഇ.കെ. വിഭാഗം സമസ്ത, മുജാഹിദ് വിഭാഗങ്ങൾ എന്നിവർ പങ്കെടുത്തപ്പോൾ കാന്തപുരം വിഭാഗം വിട്ടുനിന്നു. എസ്.എൻ.ഡി.പി.യും പങ്കെടുത്തു.

വിവിധ ജില്ലകളിലെ യോഗങ്ങൾ 21 ന് പൂർത്തിയാവും. എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ, സമസ്ത പ്രസിഡന്റ്‌ ജിഫ്രി മുത്തുക്കോയ തങ്ങൾ, ബിഷപ്പുമാരായ റെമീജിയോസ് ഇഞ്ചനാനിയിൽ, ഡോ. വർഗീസ് ചക്കാലക്കൽ, മുജാഹിദ്, ദളിത് സംഘടനാ നേതാക്കൾ എന്നിവരെ നേരിൽപോയി കാണും. ഇതിനിടെ വിദഗ്ധരെ പങ്കെടുപ്പിച്ച് വെബിനാറുകൾ സംഘടിപ്പിക്കും. അത് കഴിഞ്ഞ് 25 ന് നിർദേശങ്ങൾ ക്രോഡീകരിച്ചുള്ള റിപ്പോർട്ട് സമർപ്പിക്കുമെന്ന് ഡോ. എം.കെ. മുനീർ എം.എൽ.എ. പറഞ്ഞു.

പ്രകടനപത്രിക വെറും വാഗ്ദാനങ്ങൾ മാത്രമാവില്ലെന്നും പറയുന്ന കാര്യങ്ങൾ നടപ്പാക്കുമെന്നും ബെന്നി ബെഹനാൻ എം.പി. പറഞ്ഞു. സാമ്പത്തിക സംവരണം സംബന്ധിച്ചുള്ള നിർദേശങ്ങളാണ് മതസംഘടനാ നേതാക്കളും എസ്.എൻ.ഡി.പി. യൂണിയൻ പ്രതിനിധികളും മുന്നോട്ടുവെച്ചത്. കേരളത്തിൽ നടക്കുന്ന സാമുദായിക ധ്രുവീകരണ പ്രവർത്തനങ്ങളെ നേരിടാൻ യു.ഡി.എഫിന് കഴിയണമെന്ന് ഡോ. ഹുസൈൻ മടവൂർ ആവശ്യപ്പെട്ടു.

ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജൻ, സി.പി. ജോൺ,സി.എൻ. വിജയകൃഷ്ണൻ, പി.സുരേന്ദ്രൻ, വി.വി. പ്രകാശ്ബാബു, കെ. പ്രവീൺകുമാർ, എം.എ. റസാഖ്, ഉമ്മർ പാണ്ടികശാല, കെ. ബാലനാരായണൻ, സി.പി. ചെറിയ മുഹമ്മദ്, ഡോ. ഹുസൈൻ മടവൂർ, ഉമർ ഫൈസി മുക്കം, ഒ. അബ്ദുറഹ്‌മാൻ, പി.പി. അബ്ദുറഹ്‌മാൻ പെരിങ്ങാടി, നാസർഫൈസി കൂടത്തായി, സുധീഷ് കേശവപുരി എന്നിവർ പങ്കെടുത്തു. മലബാർ ചേംബർ ഓഫ്‌ കൊമേഴ്‌സ്, കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്‌സ്, എയർപോർട്ട് കമ്മിറ്റി തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.

error: Content is protected !!