ഇരുവഞ്ഞിപ്പുഴയിൽ രണ്ട് തൂക്കുപാലങ്ങൾ വരുന്നു

Report: News Desk

മുക്കം:ഇരുവഞ്ഞിപ്പുഴയിൽ രണ്ട് തൂക്കുപാലങ്ങൾ വരുന്നതോടെയാണ് ദുരിതയാത്രയ്ക്ക് അവസാനമാക്കുന്നത്. കക്കാട് കടവിലും കച്ചേരി വൈശ്യം പുറംകടവിലുമാണ് തൂക്കുപാലങ്ങൾക്ക് ഭരണാനുമതിയായത്. കക്കാട് കടവിൽ പാലം പണി തുടങ്ങി. വൈശ്യം പുറംകടവിലാണ് മറ്റൊരു തൂക്കുപാലത്തിന് ഭരണാനുമതിയായത്‌. ജോർജ് എം. തോമസ്‌ എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 1.27 കോടി അനുവദിച്ചാണ് കക്കാട് തൂക്കുപാലം പണി നടക്കുന്നത്. 1.34 കോടിയാണ് വൈശ്യംപുറം തൂക്കുപാലത്തിന് അനുവദിച്ചത്

അക്കരെ നിന്ന് ഇക്കരെ എത്തുന്നതിനും മറ്റും അത്യാവശ്യകാര്യങ്ങൾക്ക് തോണിയാത്രയാണ് ആശ്രയം. മഴക്കാലമായാൽ കുത്തൊഴുക്കുള്ള പുഴയിൽ ഇത് അപകട ഭീഷണി നിറഞ്ഞതാണ്.

കക്കാട് തൂക്കുപാലം കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ കക്കാട് കടവിനെയും മുക്കം മുനിസിപ്പാലിറ്റിയിൽപ്പെട്ട മംഗലശ്ശേരിത്തോട്ടം കടവും ബന്ധിപ്പിച്ചാണ് കക്കാട് തൂക്കുപാലം പണിയുന്നത്. കക്കാട് കടവിൽ പൈലിങ് പ്രവൃത്തികൾ കഴിഞ്ഞു.

2016-ൽ 77 ലക്ഷം രൂപ എസ്റ്റിമേറ്റിട്ട് തുക വകയിരുത്തി തൂക്കുപാലം പണിയാൻ നടപടി തുടങ്ങിയതാണ്. 2017-ൽ ജോർജ് എം. തോമസ് എം.എൽ.എ. മുൻകൈ എടുത്ത് തൂക്കുപാലം കൂടുതൽ മെച്ചപ്പെട്ട നിലയിൽ നിർമിക്കണമെന്ന് നിർദേശം മുന്നോട്ടുവെച്ചു. പുഴയിലെ വലിയ വെള്ളപ്പൊക്കവും ശക്തമായ ഒഴുക്കും നേരിടാൻ കൂടുതൽ മെച്ചപ്പെട്ട പാലം വേണമെന്നതാണ് കാരണം. ഇതിനായി രണ്ടുകോടി രൂപയും വകയിരുത്തി. പദ്ധതി വിപുലീകരിച്ചതോടെ 2.4 കോടിയുടെ എസ്റ്റിമേറ്റ് തയാറാക്കി തുടർനടപടികളും നടക്കുമ്പോഴാണ് 2018-ലെ പ്രളയം സംസ്ഥാനത്ത് കനത്തനാശം വിതച്ചത്. ഇതോടെ പാലത്തിന്റെ തുകയും ഒരു കോടിയായി വെട്ടിക്കുറച്ചു.

തുടർന്ന് 1.27 കോടി രൂപയുടെ പുതിയ എസ്റ്റിമേറ്റ് തയാറാക്കി ഭരണാനുമതി, സാങ്കേതികാനുമതി മുതലായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് ഇപ്പോൾ പണി നടക്കുന്നത്.

കാരശ്ശേരിയിലെ വൈശ്യംപുറം കാരശ്ശേരി ചീപ്പാൻകുഴി, നാഗേരിക്കുന്ന്, മുക്കം മുനിസിപ്പാലിറ്റിയിലെ കച്ചേരി, ആറ്റുപുറം, കുറ്റിപ്പാല, പൊറ്റശ്ശേരി, മാമ്പറ്റ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതാണ് വൈശ്യംപുറം കടവിലെ തൂക്കുപാലം.

error: Content is protected !!