ഉറങ്ങികിടക്കുകയായിരുന്ന ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു

Report: Web Desk

കോഴിക്കോട്:ഉറങ്ങികിടക്കുകയായിരുന്ന ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു. മേപ്പയ്യൂര്‍ എടത്തില്‍മുക്ക് പത്താംകാവുങ്ങല്‍ ഹൗസില്‍ കെ വി അഷ്‌റഫിൻ്റെ ഭാര്യ സലീന (43) യാണ് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. 13 ന് രാത്രി മാവൂര്‍ റോഡിലെ ലോഡ്ജിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത് .

സലീന എരഞ്ഞിപ്പാലത്ത് ലേഡീസ് ഹോസ്റ്റല്‍ നടത്തുകയായിരുന്നു . കാണണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ് അഷ്‌റഫ് ലോഡ്ജിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. രാത്രിയില്‍ റൂമില്‍ കിടന്നുറങ്ങുന്നതിനിടെ സലീനയുടെ കഴുത്ത് മുറിക്കുകയായിരുന്നു. ഓടിയെത്തിയ ലോഡ്ജിലെ ജീവനക്കാരോട് ഭാര്യ സ്വയം കഴുത്തറുക്കാന്‍ ശ്രമിച്ചെന്നാണ് അഷ്‌റഫ് പറഞ്ഞത്. ഇതിനിടെ പുറത്തേക്കോടിയ സലീന ഓട്ടോറിക്ഷയില്‍ ആശുപത്രിയിലെത്തുകയായിരുന്നു. ബോധരഹിതയാകുന്നതിനു മുൻപ് ആക്രമണത്തെക്കുറിച്ച് ഇവര്‍ ഡോക്ടര്‍ക്ക് എഴുതി നല്‍കി.

ആശുപത്രിയില്‍ നിന്നുള്ള ഇൻ്റിമേഷന്‍ പ്രകാരം കസബ പോലീസ് അഷ്‌റഫിനെ അറസ്റ്റു ചെയ്ത് റിമാന്‍ഡിലാക്കിയിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ ഇരുവര്‍ക്കുമൊപ്പം ഒന്നരവയസുള്ള മകളുമുണ്ടായിരുന്നു.

നാലുവര്‍ഷം മുൻപാണ് സലീനയുടെയും അഷ്‌റഫിൻ്റെയും വിവാഹം. വിദേശത്തായിരുന്ന അഷ്‌റഫ് നാട്ടിലെത്തിയശേഷം ഡ്രൈവറായി ജോലി ചെയ്യുകയാണ്. നഗരത്തിലെത്തുമ്പോള്‍ ലോഡ്ജില്‍ മുറിയെടുത്ത് താമസിക്കുകയും സലീനയെയും മകളെയും വിളിച്ചുവരുത്തുകയും ചെയ്യാറുണ്ടായിരുന്നു. നിലമ്പൂര്‍ എടക്കര കുണ്ടുപറമ്പില്‍ യൂസഫിൻ്റെ മകളാണ് സലീന. അഷ്‌റഫ് സലീനയെ വിവാഹം കഴിക്കുന്നതിനു മുൻപ് രണ്ടുവിവാഹം കഴിച്ചിട്ടുണ്ട്. ആദ്യ ഭാര്യ മരിച്ചശേഷമായിരുന്നു രണ്ടാം വിവാഹം. പിന്നീടാണ് സലീനയെയും വിവാഹം കഴിച്ചത്.

സംശയത്തെത്തുടര്‍ന്നാണ് സലീനയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് പ്രതി പോലീസിന് മൊഴി നല്‍കിയത്. സലീനയുടെ ബന്ധുക്കള്‍ ഇയാള്‍ക്കെതിരെ മൊഴി നല്‍കിയിട്ടുണ്ട്. കൊലപാതകശ്രമത്തിന് അറസ്റ്റിലായ അഷ്‌റഫിന്റെ പേരില്‍ സലീന മരിച്ചതോടെ കൊലക്കുറ്റം കൂടി ചുമത്തിയുട്ടുണ്ട്. വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് കസബ പോലീസ് അറിയിച്ചു.

error: Content is protected !!