താമരശ്ശേരിയിൽ ‘ഡോക്ടര്‍ക്ക് വെട്ടേറ്റപ്പോള്‍ ചിലര്‍ ആശുപത്രിക്ക് പുറത്ത് പൂത്തിരി കത്തിച്ച് ആഘോഷിച്ചു’; കൃത്യമായ ആസൂത്രണമെന്ന് സൂപ്രണ്ട്

കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്ക് വെട്ടേറ്റ സംഭവത്തില്‍ കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി ആശുപത്രിയില്‍ എത്തിയതെന്ന് ആശുപത്രി സൂപ്രണ്ട് ഗോപാലകൃഷ്ണന്‍.പ്രതി സനൂപിന്റെ പിന്നില്‍ ആളുകള്‍ ഉണ്ടോ എന്നും സാമ്പത്തിക ഇടപാട് നടന്നോ എന്നും സംശയമുണ്ട്. കുട്ടിയുടെ മരണ സര്‍ട്ടിഫിക്കറ്റ് കിട്ടാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ല. വിഷയത്തില്‍ ഇടപെട്ടിരുന്നു. മുന്‍പ് സനൂപ് വന്നപ്പോള്‍ പ്രശ്‌നം പരിഹരിച്ചതാണ്. കുട്ടിക്ക് ചികിത്സ വൈകിയിട്ടില്ല. ജനറല്‍ ഒപിയില്‍നിന്നാണ് ചികിത്സ തേടിയത്. ഡോക്ടര്‍ക്ക് വെട്ടേറ്റപ്പോള്‍ ഒരു കൂട്ടര്‍ പുറത്തുനിന്ന് പൂത്തിരി കത്തിച്ച് ആഘോഷിച്ചുവെന്നും വിഷയത്തില്‍ സമഗ്രമായി അന്വേഷണം വേണമെന്നും സൂപ്രണ്ട് പറഞ്ഞു.

കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ചചെയ്ത് പരിഹരിച്ചശേഷം ഒരുസംഘം ആശുപത്രിയില്‍ വാഴവെച്ചിരുന്നു. ഒരു സംഘടനാ നേതാവ് ഭീഷണിപ്പെടുത്തി. കഴിഞ്ഞദിവസത്തെ സംഭവത്തിന് പിന്നില്‍ മറ്റാളുകളുമുണ്ടെന്നാണ് സംശയം. പണമിടപാട് നടന്നതായും സംശയിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞദിവസമാണ് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് വെട്ടേറ്റത്. അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ച ഒന്‍പതുകാരിയുടെ അച്ഛനാണ് ഡോക്ടറുടെ തലയ്ക്കു വെട്ടി പരിക്കേല്‍പ്പിച്ചത്. അസി. സര്‍ജന്‍ കോഴിക്കോട് പൊറ്റമ്മലില്‍ താമസിക്കുന്ന മൊകേരി പെരുളാംതോട്ടത്തില്‍ ഡോ. പി.ടി. വിപിനി(35)നാണ് വെട്ടേറ്റത്. സംഭവത്തില്‍ കോരങ്ങാട് ആനപ്പാറ പൊയില്‍ സനൂപിനെ (40) പോലീസ് അറസ്റ്റുചെയ്തിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം.

താമരശ്ശേരി താലൂക്കാശുപത്രിയില്‍ പ്രാഥമികചികിത്സയ്ക്കുശേഷം ഡോക്ടറെ പിന്നീട് വിദഗ്ധചികിത്സയ്ക്കായി കോഴിക്കോട്ടെ ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്കു മാറ്റി. തലയോട്ടിയുടെ പുറമേയുള്ള ഭാഗത്താണ് പരിക്ക്. എന്നാല്‍, തലയിലേറ്റ മുറിവ് ആഴത്തിലുള്ളതാണെന്നും കോഴിക്കോട് ബേബി മെമ്മേറിയല്‍ ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗം ഡോക്ടര്‍മാര്‍ പറഞ്ഞു. ചെറിയ ശസ്ത്രക്രിയക്കു വിധേയനായ ഡോക്ടറുടെ നില തൃപ്തികരമാണ്.

സൂപ്രണ്ടിന്റെ മുറിയിലേക്ക് വാതില്‍ തള്ളിത്തുറന്ന് കയറിവന്ന സനൂപ് നീലബാഗില്‍ കരുതിയിരുന്ന വലിയ കൊടുവാളെടുത്ത് അസഭ്യപരാമര്‍ശത്തോടെ ‘എന്റെ മോളെ കൊന്നവനല്ലേ’ എന്ന് ആക്രോശിച്ച് ഡോക്ടറെ വെട്ടുകയായിരുന്നു. ആശുപത്രി സൂപ്രണ്ടാണെന്ന ധാരണയിലാണ് ഡോ. വിപിനിനെ ആക്രമിച്ചത്. ഡോ. വിപിന്‍ സനൂപിന്റെ മകളെ ചികിത്സിച്ചിരുന്നില്ല.ബഹളംകേട്ട് മറ്റ് ആശുപത്രിജീവനക്കാര്‍ ഓടിക്കൂടി സനൂപിനെ അകത്താക്കി ഓഫീസ് മുറി പൂട്ടി. പോലീസെത്തി ആശുപത്രിയില്‍നിന്ന് കസ്റ്റഡിയിലെടുക്കവേ ‘ഞാന്‍ ഇനിയും വരും’ എന്ന് സനൂപ് പറഞ്ഞിരുന്നതായി ജീവനക്കാര്‍ പറയുന്നു. ഓഗസ്റ്റ് 14-നാണ് സനൂപിന്റെ മകള്‍ മരിച്ചത്. താമരശ്ശേരി താലൂക്കാശുപത്രിയില്‍നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് എത്തിക്കുമ്പോഴേക്ക് മരണം സംഭവിച്ചിരുന്നു. ശരിയായ ചികിത്സ ലഭിക്കാത്തതാണ് കുട്ടിയുടെ മരണത്തിനു കാരണമെന്ന് അന്ന് സനൂപ് ആരോപിച്ചിരുന്നു.

error: Content is protected !!