
Web Desk
ഒരേ വ്യക്തിയുടെ ഫോട്ടോ ഉപയോഗിച്ച് മറ്റു പേരുകളിലും വിലാസങ്ങളിലും വ്യാജവോട്ടര്‍മാരെ വോട്ടർപട്ടികയിൽ സൃഷ്‌ടിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ്. കോഴിക്കോട് നോർത്ത് മണ്ഡലത്തിലാണ് ഇത്തരത്തിൽ ക്രമക്കേട് കണ്ടെത്തിയിരിക്കുന്നത്. സമാനമായ രീതിയിൽ മറ്റ് മണ്ഡലങ്ങളിലും വ്യാജവോട്ടർമാർ ഉണ്ടോയെന്ന് യുഡിഎഫ് പരിശോധിക്കുകയാണ്. വ്യാജ വോട്ടർമാരെ കണ്ടെത്തി അടിയന്തരമായി നടപടികൾ സ്വീകരിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഒരു പ്രമുഖ പത്രത്തില്‍ വന്ന വാര്‍ത്ത ഉദ്ധരിച്ചാണ് പ്രതിപക്ഷ നേതാവ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കിയത്. അതേസമയം, തെരഞ്ഞെടുപ്പ് പട്ടികയിൽ വ്യാജ വോട്ടർമാരുണ്ടെന്ന ചെന്നിത്തലയുടെ ആരോപണത്തിൽ കഴമ്പുണ്ടെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കറാം മീണ വ്യക്തമാക്കിയിരുന്നു. ജില്ലാ കളക്ടർമാരുടെ പ്രാഥമിക അന്വേഷണത്തിൽ ഇരട്ട വോട്ടുകൾ ഉണ്ടെന്ന് കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു. കോട്ടയം, ഇടുക്കി, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലാണ് ഇരട്ട വോട്ടുകൾ കണ്ടെത്തിയത്.
കോട്ടയത്തെ വൈക്കത്തും ഇടുക്കിയിലും ഇരട്ട വോട്ട് കണ്ടെത്തിയിട്ടുണ്ട്. പാലക്കാടും കോഴിക്കോടും പരാതിയിൽ പറഞ്ഞതിൽ 70 ശതമാനം ശരിയാണ്. കാസർകോടും കള്ളവോട്ട് ഉണ്ടെന്ന് ടിക്കറാം മീണ കഴിഞ്ഞ ദിവസം പറഞ്ഞു. ഇരട്ട വോട്ടുകൾ പരിശോധിക്കാൻ ബൂത്ത് തല ലിസ്റ്റ് തയ്യാറാക്കും. രണ്ട് സ്ഥലത്ത് പേരുണ്ടെങ്കിൽ ഒന്ന് ഒഴിവാക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.