
കൊച്ചി വൈപ്പിൻ ചെറായിയിൽ പ്രണവിനെ ആക്രമിച്ചു കൊലപ്പെടുത്തിയതിനു ശേഷം പ്രതികൾ ഒരുമിച്ചു മടങ്ങിപ്പോകുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ. പള്ളത്താംകുളങ്ങര ബീച്ചിന് സമീപമെത്തിയ പ്രണവിനെ പ്രതികള്‍ നാലുപേരും ചേർന്ന് തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു. ശീമക്കൊന്ന വടികളാണു പ്രതികളുടെ കൈവശമുണ്ടായിരുന്നത്. വടിയുടെ ഭാഗങ്ങൾ മൃതദേഹത്തിനടുത്തു നിന്നു ലഭിച്ചിരുന്നു.
തലയുടെ നെറുകയിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണം. മരിച്ചുവെന്ന് ഉറപ്പായതോടെ പ്രതികൾ സ്ഥലം വിട്ടു. കയ്യിലുണ്ടായിരുന്ന ചെറിയ കത്തി ഉപയോഗിച്ച് പ്രണവിന്റെ തലയിലും ശരീരത്തിലും മുറിവേൽപ്പിച്ചിരുന്നു. ചൊവ്വാഴ്ച പുലർച്ചെ നാലിനായിരുന്നു കൊലപാതകം. ചെമ്മീൻകെട്ടിൽ കത്തിയെറിഞ്ഞ സ്ഥലം പ്രതികൾ പൊലീസിന് കാണിച്ചു കൊടുത്തു. ചെറായി സ്വദേശികളായ ശരത്, ജിബിൻ, അമ്പാടി എന്നിവരാണ് കേസിൽ അറസ്റ്റിലായത്.
മരിച്ച പ്രണവുമായി പ്രണയത്തിലായിരുന്ന യുവതി ക്രിമിനൽ സംഘത്തിലെ ശരത് എന്ന യുവാവുമായി അടുപ്പത്തിൽ ആയതോടെയാണ് ഇവർ തമ്മിൽ പ്രശ്നങ്ങൾ ഉടലെടുക്കുന്നത്. പെൺകുട്ടി പ്രണവുമായും അടുപ്പം സൂക്ഷിക്കുന്നു എന്ന ചിന്തയിലാണ് പ്രണവിനെ ഇല്ലാതാക്കാൻ ശരത് തീരുമാനിക്കുന്നത്. ഇതിന് സുഹൃത്തുക്കളെ കൂടി കൂട്ടു പിടിക്കുകയായിരുന്നു.
ചൊവ്വാഴ്ച പുലർച്ചെ തന്റെ രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് പ്രണവ് ബീച്ചിൽ എത്തിയതെന്നത് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. പെൺകുട്ടിയുമായി സംസാരിക്കാനുള്ള സാഹചര്യം ഒരുക്കുവാൻ സുഹൃത്തുക്കൾ ബീച്ചിൽ നിന്ന് കുറച്ചുമാറിയാണ് നിന്നിരുന്നതെന്ന് പൊലീസ് പറയുന്നു. പ്രണവിന്റെ ഉച്ചത്തിലുള്ള നിലവിളി കേട്ടുവെങ്കിലും പെൺകുട്ടിക്കൊപ്പം പ്രണവ് പിടിയിലായെന്നാണ് ഇവർ കരുതിയിരുന്നത്. പ്രണവിനെ ഫോണിൽ കിട്ടാതെ ആയപ്പോൾ ഇവർ ചെറായിലേക്ക് മടങ്ങിപോയി.
കാമുകിയുടെ പേരിലെത്തിയ സന്ദേശം വിശ്വസിച്ചാണ് പ്രണവ് പുലർച്ചെ ബീച്ചിലെത്തിയത്. ഏതു രാത്രിയിലും യുവതി വിളിച്ചാൽ പ്രണവ് ഇറങ്ങി വരുമെന്ന് അറിയാമായിരുന്ന ശരത്തും സംഘവും ആദ്യം പെൺകുട്ടിയെക്കൊണ്ടു തന്നെ വിളിപ്പിക്കാനാണ് തീരുമാനിച്ചതെങ്കിലും പിന്നീട് തീരുമാനം മാറ്റി. യുവതിയുടെ പേരിൽ സ്വന്തമായി അക്കൗണ്ട് ഉണ്ടാക്കി പ്രണവുമായി ചാറ്റ് ചെയ്യുകയായിരുന്നു. അർധരാത്രി പ്രണവിനെ സമൂഹമാധ്യമത്തിലൂടെ വിളിച്ച് ഉണർത്തി ചാറ്റ് ചെയ്ത് ഇറങ്ങി വരാൻ ആവശ്യപ്പെടുകയായിരുന്നു.
കൊല്ലപ്പെട്ട പ്രണവ് ആയുധം കൈവശം വച്ചതുൾപ്പെടെ 3 ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നു. അറസ്റ്റിലായ 3 പ്രതികളെയും മുനമ്പം പൊലീസ് ഇന്നലെ സ്ഥലത്തെത്തിച്ചു തെളിവെടുത്തു. നാലാമത്തെ പ്രതി ഉടൻ കസ്റ്റഡിയിലാവുമെന്നാണു സൂചന.